8 വർഷത്തിന് ശേഷം അച്ഛനെ കൊന്ന സഹോദരനോട് 17 കാരിയായ പെൺ കുട്ടിയെയ് ഉപയോഗിച്ച് പ്രതികാരം ചെയ്ത് പോലീസ്‌കാരൻ

ഭോപ്പാല്‍: ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരന്‍. സഹോദരനെ വശീകരിക്കാന്‍ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു കൊലപാതകം. അച്ഛന്‍റെ മരണംകഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു പ്രതികാരം.

2017-ലാണ് റിട്ട.പോലീസ് ഇന്‍സ്‌പെക്ടറായ ഹനുമാന്‍ സിങ് തോമര്‍ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഭാനു തോമറിനും വെടിയേറ്റിരുന്നു. തലനാരിഴയ്ക്കാണ് ഭാനു തോമര്‍ രക്ഷപ്പെട്ടത്. ഹനുമാന്‍ സിങ് തോമറിന്റെ മൂത്ത മകന്‍ അജയ് ആണ് കൊലപാതകം നടത്തിയത്. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഹനുമാന്‍ സിങ് തോമറിന്റെ മരണത്തോടെ മകന്‍ ഭാനു തോമറിന് പോലീസില്‍ ജോലി ലഭിച്ചു. കണ്‍ മുന്നിലിട്ട് പിതാവിനെ കൊന്ന സഹോദരനോടുള്ള പ്രതികാരം വര്‍ഷങ്ങളോളും ഭാനു തോമര്‍ മനസ്സിലൊളിപ്പിച്ച് നടന്നു.

കഴിഞ്ഞ മാസം അജയ്ക്ക് 40 ദിവസത്തെ പരോള്‍ ലഭിച്ചു. ജയിലില്‍നിന്ന് പുറത്തിറങ്ങി ഒമ്പത് ദിവസത്തിന് ശേഷം ജൂലായ് 23-ന് അജയ് ശിവപുരിയില്‍നിന്ന് ഗ്വാളിയാറിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്നു. 17-കാരിയായ ഒരു പെണ്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി അജയ് യുമായി അടുത്തിടെയാണ് സൗഹൃദത്തിലായത്.

ഏഴ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ അജയ് വളരെ ഉന്മേഷവാനായിരുന്നു. തന്റെ കൂടെയുള്ള പെണ്‍കുട്ടി ഒരു ഒറ്റുകാരിയാണെന്നോ, താനറിയാതെ ഒരു കൊലപാതക പദ്ധതിയിലേക്കാണ് നടന്നുകയറുന്നതെന്നോ അയാള്‍ അറിഞ്ഞിരുന്നില്ല. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിൽ അച്ഛൻ കൊല്ലപ്പെട്ടതുപോലെ വെടിയുണ്ടകളേറ്റ് അജയും കൊല്ലപ്പെട്ടു. ഗൂഢപദ്ധതി നടപ്പാക്കി ഭാനു തോമര്‍ സഹോദരനോടുള്ള പ്രതികാരം തീര്‍ത്തു.

സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തിനൊടുവിലാണ് അജയ് തന്റെ പിതാവിനെ 2017 മെയ് 23ന് കൊലപ്പെടുത്തിയത്. അമ്മ ശകുന്തളാ ദേവിയുടെയും സഹോദരന്‍ ഭാനു തോമറിന്റെയും മൊഴിയുടെ അടിസ്ഥാത്തില്‍ അജയ് പിടിയിലായി. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം അജയ്ക്ക് ലഭിച്ച പരോള്‍ ഭാനു തോമര്‍ ഒരു അവസരമായി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അജയ്ക്കൊപ്പം ഉണ്ടായിരുന്ന 17 വയസ്സുകാരി, ഇന്‍ഡോറിലെ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടബലാത്സംഗ കേസിലെ പ്രതിയായിരുന്നു. ഭാനു തോമര്‍ 17-കാരിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതനുസരിച്ച് പെൺകുട്ടി അജയുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയുംചെയ്തു. തുടർന്ന് അജയ്ക്കൊപ്പം ഗ്വാളിയോറിലേക്ക് പോകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിനായി മറ്റൊരു കൊലപാതകക്കേസില്‍ ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയില്‍ മോചിതനായ കൊടുംകുറ്റവാളി ധര്‍മ്മേന്ദ്ര കുശ്വാഹയെയെയും ഭാനു തോമര്‍ ഏര്‍പ്പാടിക്കി. ഒരു ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഭാനു ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അജയിയുടെ കാര്‍ ഗ്വാളിയോറിലേക്ക് പോകുന്നതും വാടകക്കൊലയാളികള്‍ അതിനെ പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. നയാഗാവ് തിരാഹയിലെ ഒരു പെട്രോള്‍ പമ്പിന് സമീപംവെച്ച്, ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ട് 17-കാരി അജയിയോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. തുടർന്ന് പെണ്‍കുട്ടി കാറില്‍നിന്ന് പുറത്തിറങ്ങി. കൊലയാളികള്‍ക്ക് അതൊരു സൂചനയായിരുന്നു. നിമിഷങ്ങള്‍ക്കകം കൊലയാളികള്‍ കാറിനടുത്തെത്തി അജയ്ക്കുനേരെ വെടിയുണ്ടകള്‍ വര്‍ഷിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ അജയ് കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ദുഃഖം അഭിനയിച്ച ഭാനു, അജയിയുടെ അന്ത്യകര്‍മങ്ങളിലും പങ്കെടുത്തു. മൂന്ന് ദിവസത്തിന് ശേഷം ഭാനു ആരുമറിയാതെ ബാങ്കോക്കിലേക്ക് കടന്നു.

പെണ്‍കുട്ടിയേയും വാടക കൊലയാളിയേയും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ആളെ കണ്ടെത്താന്‍ പോലീസിനായത്. ശിവപുരിക്കും ഗ്വാളിയോറിനും ഇടയിലുള്ള 500 ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിലൊന്നില്‍, 17-കാരി ഒരു കാറില്‍ നിന്നിറങ്ങുന്നത് കാണാമായിരുന്നു. ഈ കാര്‍ ഭാനു തോമറിന്റേതായിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന ധര്‍മേന്ദ്രയെയും ഭാനുവിന്റെ ബന്ധു മോനേഷിനെയും താമസിയാതെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ പിസ്റ്റളും ഭാനു തോമറിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.

ഇപ്പോള്‍ ബാങ്കോക്കിലുള്ള ഭാനു തോമറിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് പോലീസ്. 'ഒരു കുടുംബ വഴക്ക് കൊലപാതക ദൗത്യമായി മാറി' എന്ന് ശിവപുരി പോലീസ് സൂപ്രണ്ട് അമന്‍ സിങ് റാത്തോഡ് പറഞ്ഞു. ഭാനുവിന്റെ പേരില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അയാളുടെ മടങ്ങിവരവ് ഉറപ്പാക്കാന്‍ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !