കുറ്റ്യാടി(കോഴിക്കോട്): കാന്‍സര്‍ മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്നാരോപിച്ച് ചികിത്സകര്‍ക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്.
ശരീരവേദനയെത്തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണം.
മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവില്‍ ആറുമാസംമുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം നാലാംഘട്ടം കടന്നിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയുമായി ബന്ധപ്പട്ട് ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചറിസ്റ്റുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്ക് ലൈസന്‍സില്ലെന്നും മൂന്നുമുതല്‍ ആറുവര്‍ഷംവരെ കാലാവധിയുള്ള കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുമാത്രമേ ചികിത്സിക്കാന്‍ അര്‍ഹതയുള്ളൂവെന്ന നിയമം മറച്ചുവെക്കുകയായിരുന്നെന്നും പരാതിക്കാരനും പൊതുപ്രവര്‍ത്തകനുമായ എന്‍.പി. സക്കീര്‍ പറഞ്ഞു.യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.