കോഴിക്കോട്;കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു ഞായറാഴ്ച കാണാതായ വിദ്യാർഥിക്കായി ചൊവ്വാഴ്ച നടത്തിയ തിരച്ചിലും വിഫലം. മഴ കനത്തതോടെ വൈകിട്ടു നാലു മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
മഞ്ചേരിയിൽനിന്നു വന്ന ആറംഗ സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർഥി, കച്ചേരിപ്പടി സ്വദേശി അഷറഫ് വളശ്ശേരിയുടെ മകൻ അലനെയാണ് (16) ഞായറാഴ്ച ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായത്. അഗ്നിരക്ഷാ സേനയും അതിനു കീഴിലുള്ള സ്പെഷൽ ടാസ്ക് ഫോഴ്‌സ്, സ്‌കൂബ ടീം അംഗങ്ങൾ, സിവിൽ ഡിഫൻസ്, ആപ്താ മിത്ര വൊളന്റിയർമാർ കോടഞ്ചേരി പൊലീസ്, റവന്യു വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.മുക്കം ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. അഹമ്മദ് റഹീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച തിരച്ചിൽ ഏകോപിപ്പിച്ചത്.ഉൾപ്രദേശങ്ങളിൽ മഴ കനത്ത മഴപെയ്തതോടെ ശക്തമായ ഒഴുക്കുണ്ടായെങ്കിലും അലനുവേണ്ടി തുടർച്ചയായ മൂന്നാം ദിവസവും തിരച്ചിൽ സജീവമാക്കുകയായിരുന്നു. രാവിലെ ജലനിരപ്പ് അൽപം കുറവായതിനാൽ കയങ്ങളിൽ സ്‌കൂബ ടീം അംഗങ്ങളാണ് ആദ്യം തിരച്ചിൽ നടത്തിയത്.
പുഴയിലെ പലയിടങ്ങളിലും 35 അടിയോളം താഴ്ചയുണ്ട്. കയങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിയുള്ള തിരച്ചിലിലും അലനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ചയും പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. 12 മണിയോടെ കനത്തമഴയെ തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയതിനാൽ വെള്ളത്തിൽ ഇറങ്ങിയുള്ള തിരച്ചിൽ നിർത്തി. ബുധനാഴ്ചയും തിരച്ചിൽ തുടരാനാണ് തീരുമാനം.പാറകൾ ഏറെയുള്ള ഈ പ്രദേശത്ത് അവയ്ക്കുള്ളിൽ അലൻ കുടുങ്ങിക്കിടപ്പുണ്ടോ എന്നതറിയാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും ഞായറാഴ്ച പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു.
ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടമുന്നറിയിപ്പു ഗൗരവമായെടുക്കാതെ പുഴയിലിറങ്ങുന്നവരാണ് പതങ്കയത്തു പലപ്പോഴും അപകടത്തിൽപെടുന്നത്. ഇതുവരെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുവഞ്ഞിപ്പുഴയുടെ മനോഹാരിത കാണുന്ന സഞ്ചാരികൾ നാട്ടുകാരുടെ വിലക്കും മറ്റും അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് ഇവിടെ പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.