തൃശ്ശൂര്‍: ഇടതുമുന്നണിയുമായുള്ള കൂട്ടുകെട്ട് വിടാനുള്ള ആലോചനയില്‍ തൃശ്ശൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി. കാലമേറെയായി ഇടതുപക്ഷത്തോട് ഇടഞ്ഞു നില്‍ക്കുകയാണ് ഇടതു സ്വതന്ത്രയായി ജയിച്ച് കൗണ്‍സിലിലെത്തിയ റോസി. വാക്കുകള്‍ കൊണ്ട് ഇടതുപക്ഷത്തെ പരസ്യമായി വിമര്‍ശിച്ചിരുന്ന റോസി കഴിഞ്ഞ ദിവസം പ്രവൃത്തിയിലൂടെയും ഇത് കാണിച്ചു.
യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്തു നടത്തിയ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനത്തില്‍ ഉദ്ഘാടകയായി പങ്കെടുത്ത റോസി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തു.
മേയര്‍ എം.കെ. വര്‍ഗീസും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി ഉള്‍പ്പെടെയുള്ളവരും വിട്ടുനിന്ന ചടങ്ങാണ് ഡെപ്യൂട്ടി മേയറായ എം.എല്‍. റോസി ഉദ്ഘാടനം ചെയ്തത്. ഇരുവരുമായും റോസി ഏറെക്കാലമായി അഭിപ്രായ ഭിന്നതയിലാണ്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും മേയറോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
എല്‍ഡിഎഫില്‍നിന്ന് യുഡിഎഫിലേക്കും വീണ്ടും ഇടതു പാളയത്തിലുമെത്തിയ രാഷ്ട്രീയ ചരിത്രമുണ്ട് റോസിക്ക്. ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗബലമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിമത കോണ്‍ഗ്രസ് സ്വതന്ത്രനെ മേയര്‍ പദവി വാഗ്ദാനം നല്കി മറുകണ്ടം ചാടിച്ചാണ് ഭരണം ഉറപ്പിച്ചത്.
ആദ്യരണ്ടര വര്‍ഷമായിരുന്നു മേയര്‍ പദവി വാഗ്ദാനമെങ്കിലും ഭരണം നിലനിര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ അഞ്ചു വര്‍ഷവും മേയര്‍ പദവി നല്‍കേണ്ടതായി വന്നു. അതിനിടെയാണ് സിപിഐയ്ക്ക് അര്‍ഹതപ്പെട്ട ഡെപ്യൂട്ടി മേയര്‍ പദവിയില്‍ പാര്‍ട്ടി തീരുമാനം വൈകിയതോടെ റോസിക്ക് അപ്രതീക്ഷിതമായി ആ പദവി ലഭിച്ചത്.
മേയറുമായാണ് റോസി പരസ്യമായി ഇടഞ്ഞാണ് നില്ക്കുന്നതെങ്കിലും മേയറെയും കോര്പറേഷന് ഭരണത്തേയും നിയന്ത്രിക്കുന്ന ഒരു നേതാവിനോടാണ് അപ്രിയമേറെയുള്ളത്. റോസിയുടെ വാര്‍ഡില്‍പ്പെടുന്ന പറവട്ടാനിയില്‍ പെലേ ദ ലെജന്‍ഡ് മൈതാനം തുറന്നപ്പോള്‍ അവഗണിച്ചെന്നതാണ് അതൃപ്തിക്ക് ആദ്യ കാരണം.
പിന്നീട് കാളത്തോട്ടിലെ കോര്‍പറേഷന്റെ കല്യാണമണ്ഡപം പുതുക്കിപ്പണിത് തുറക്കാനായപ്പോള്‍ അത് താത്കാലികമായി കോര്പറേഷന് മേഖലാ ഓഫീസാക്കുകയാണെന്ന് റോസിയെ അറിയിച്ചില്ലെന്ന കാര്യമാണ് ചൊടിപ്പിച്ചത്.
പുറത്തുവരുന്നത് ഭരണസമിതിയിലെ തമ്മില്‍ത്തല്ല് - രാജന് ജെ. പല്ലന്
തൃശ്ശൂര്‍: ഡെപ്യൂട്ടി മേയറോട് എല്‍ഡിഎഫ് ഭരണസമിതിയും മേയറും പക വീട്ടുകയാണെന്ന് കോര്പറേഷന് പ്രതിപക്ഷനേതാവ് രാജന് ജെ. പല്ലന് ആരോപിച്ചു. ഈയിടയായി കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരേയും മേയര്‍ക്കെതിരേയും എം.എല്‍. റോസി നിലപാട് സ്വീകരിച്ചിരുന്നു.
മേയറും ചില സിപിഎം നേതാക്കളും ചില സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും തൃശ്ശൂര്‍ കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാക്കി മാറ്റി. എല്‍ഡിഎഫ് ഭരണസമിതിയില്‍ കൂട്ടായ്മയില്ലായെന്ന ഡെപ്യൂട്ടി മേയറുടെ പ്രസ്താവന ഭരണസമിതിയിലെ തമ്മില്‍ത്തല്ലും ഭിന്നതയുമാണ് കാണിക്കുന്നത്.ഡെപ്യൂട്ടി മേയര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുത്ത അരിസ്റ്റോ റോഡ് മന്ത്രി എന്നനിലയില്‍ ആര്. ബിന്ദു ഉദ്ഘാടനം ചെയ്യാന്‍ വരില്ലായെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.