വെഞ്ഞാറമൂട്: ഡേറ്റിങ് ആപ്പ് വഴി യുവാക്കളുമായി ബന്ധം സ്ഥാപിച്ചശേഷം അവരെ വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. സ്വവർഗാനുരാഗികളായ നൂറോളം യുവാക്കളെയാണ് ജില്ലയിൽ തട്ടിപ്പിനിരയാക്കിയതെന്നും നാണക്കേട് കാരണമാണ് പലരും പരാതി നൽകാത്തതെന്നും പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവാക്കളെ ഗ്രിൻറ്റർ എന്ന ഡേറ്റിങ് ആപ്പിൽ എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. 10 കിലോമീറ്റർ പരിധിയിലുള്ള യുവാക്കൾക്ക് പ്രതികൾ തങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുത്തശേഷം ഇവരെ വിളിച്ചു വരുത്തുന്നതാണ് രീതി.
ആളൊഴിഞ്ഞ ഭാഗത്ത് കാറിൽ വെച്ച് കണ്ടുമുട്ടുമ്പോൾ അപരിചിതരെപ്പോലെ എത്തുന്ന മറ്റുള്ളവർ കാറിൽ കയറി ഓടിച്ചു പോകുകയും കവർച്ച ചെയ്യുകയുമാണ് രീതി. കൈയ്യിൽ ആഭരണങ്ങളും പണവും ഇല്ലാത്തവരിൽനിന്നു ഗൂഗിൾ പേ വഴി പണം വാങ്ങി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
പ്രതികൾ കഴിഞ്ഞ രണ്ടുമാസംകൊണ്ട് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി രണ്ടു പവൻ മാലയും അരപ്പവൻ മോതിരവും ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.
യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ആപ്പുവഴി മാത്രം സംസാരിച്ചത് അന്വേഷണത്തിന് പ്രതികളെ തിരിച്ചറിയാൻ തടസ്സമായി. പ്രതികൾ മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് ഡാറ്റാ മുഴുവൻ ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളിലേക്ക് എത്താൻ യാതൊരു സൂചനയും ലഭിക്കാത്തതിനാൽ പോലീസ് സൈബർ ഫൊറൻസിക് വഴി ഡിലീറ്റഡ് ഡാറ്റ റീസ്റ്റോർ ചെയ്തു.
തുടർന്നാണ് 24 മണിക്കൂറിനകം ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുമെന്നും ആപ്പ് കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്നും എത്രപേർ ഇരയായെന്നുള്ളത് പരിശോധിക്കുമെന്നും ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.