വാഷിങ്ടൻ : ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് മുന്നോട്ട്.
അധികതീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടതോടെ, കടുത്ത നികുതികൾ നടപ്പിലാക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
നാളെ അർധരാത്രിക്കുശേഷം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതിനെ അന്യായവും നീതിരഹിതവുമെന്ന് വ്യക്തമാക്കിയ ഇന്ത്യ, രാജ്യതാൽപര്യങ്ങൾക്ക് അനുസരിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് അധികൃതർ പറയുന്നത്.
കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങളിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. നാളെയാണ് അധിക തീരുവ നിലവിൽ വരുന്നത്. തീരുവ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഓഗസ്റ്റ് ആറിനാണ് 25% പകരം തീരുവ ഇരട്ടിയാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ പ്രഹരം ഏൽപിച്ചത്. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലായിരുന്നു മൊത്തം തീരുവ 50 ശതമാനമാക്കിയത്. ഇതോടെ യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.