ഡബ്ലിൻ;അയർലൻഡിൽ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയതായി പരാതി.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയർലൻഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്.
മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽ നിന്നും 4 ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് 3 ബാഗേജുകൾ മാത്രം. 28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയ് പരാതി നൽകി. ഒടുവിൽ ഓഗസ്റ്റ് രണ്ടിന് ഇൻഡിഗോ പ്രതിനിധികൾ നഷ്ടമായ ബാഗേജ് നേരിട്ട് എത്തിച്ചു.
എന്നാൽ 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം. ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി. ഡബ്ലിനിൽ നിന്നും പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന തൂക്കം നാട്ടിലെത്തിയപ്പോൾ 15 കിലോയായി കുറഞ്ഞതിൽ കൃത്യമായ മറുപടി ഇൻഡിഗോ അധികൃതർ നൽകിയില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതരുടെ മറുപടി. സംഭവം ചൂണ്ടിക്കാട്ടി കേരള പൊലീസിനും ബിജോയ് പരാതി നൽകി കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പുത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 2020ൽ അയർലൻഡിൽ എത്തിയ ശേഷം ഒട്ടറെ തവണ കേരളത്തിലേക്ക് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്ന് ബിജോയ് കുളക്കട പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.
ഓഗസ്റ്റ് 19ന് തിരികെ അയർലൻഡിലേക്ക് പോകുവാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. അതിന് മുൻപ് നഷ്ടമായ സാധനങ്ങൾ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലേക്ക് പോരുമ്പോൾ തന്നെ തിരികെ പോകാനുള്ള ടിക്കറ്റും എടുത്തിട്ടുള്ളതിനാൽ ഇൻഡിഗോ വിമാനത്തിൽ തന്നെ ആയിരിക്കും യാത്രയെന്നും ബിജോയ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.