വാഷിംഗ്ടൺ: ഇന്ത്യയ്ക്കെതിരെ വീണ്ടും ഭീഷണി ഉയർത്തി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ.
ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും സെെനിക ഏറ്റുമുട്ടൽ ഉണ്ടായാൽ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ റിഫെെനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. യുഎസിലെ പാകിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അസിം മുനീർ പറഞ്ഞത്.
പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് നേരത്തെ അസിം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഭീഷണി. ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നാണ് മുനീർ കഴിഞ്ഞദിവസം പറഞ്ഞത്.
അതേസമയം, ഇത്തരം നിരുത്തരവാദ പരാമർശങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് അവരുടേതായ നിഗമനങ്ങളിലെത്താമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സൈന്യവും ഭീകരസംഘടനകളും കൈകോർക്കുന്ന രാജ്യത്തിന്റെ ആണവ നിയന്ത്രണം ആർക്കെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. ഇന്ത്യ ആണവ ഭീഷണി ഉയർത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആണവായുധങ്ങളുടെ കാര്യത്തിൽ പാകിസ്ഥാന്റെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാക്കുന്നതാണ് മുനീറിന്റെ പരാമർശമെന്ന് നേരത്തെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. പാകിസ്ഥാൻ സൈന്യത്തിന് യു.എസ് പിന്തുണ ലഭിക്കുമ്പോഴൊക്കെ അവർ തനിനിറം കാണിക്കും. പാകിസ്ഥാനിൽ ജനാധിപത്യമില്ലെന്നും രാജ്യം സൈന്യത്തിന്റെ കൈയിലാണെന്നും സൈനിക മേധാവിയുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.