കൊളംബോ : കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്.
കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വളരെക്കാലമായി നിലനിൽക്കുന്ന കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നു വിജയ് പറഞ്ഞിരുന്നു. ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മീൻപിടുത്തക്കാരെ ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചു.
‘‘ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ. പ്രസ്താവനകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നയതന്ത്ര തലത്തിലുള്ള ആശയവിനിമയങ്ങൾ മാത്രമാണ് പ്രധാനം’’–വിജിത ഹെറാത്ത് പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു.
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു നൽകിയതാര്? ജവാഹർലാൽ നെഹ്റുവിനു കച്ചത്തീവിൽ താൽപര്യമില്ലായിരുന്നെന്നും ഇന്ദിരാ ഗാന്ധി രാജ്യതാൽപര്യം നോക്കാതെ 1974 ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്നും അടുത്തിടെ ആരോപണം ഉയർന്നിരുന്നു. യഥാർഥത്തിൽ 1921ൽ തന്നെ ഏറക്കുറെ ധാരണയിലെത്തിയിരുന്ന സമുദ്രാതിർത്തി 1974 ൽ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണുണ്ടായത്. ഒരു നൂറ്റാണ്ടു മുൻപുവരെ മീൻപിടുത്തക്കാർക്കൊഴികെ ആർക്കും താൽപര്യമില്ലായിരുന്ന ഈ സമുദ്രപ്രദേശം ഒന്നാം ലോകമഹായുദ്ധക്കാലത്താണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
യുദ്ധത്തെത്തുടർന്ന് കച്ചത്തീവിൽ ബ്രിട്ടിഷുകാർ ഇടയ്ക്കിടെ പീരങ്കിപ്പരിശീലനം തുടങ്ങിയതോടെ ഉടമസ്ഥത സംബന്ധിച്ചു ധാരണ വേണമെന്നു ഭരണാധികാരികൾക്കു തോന്നിത്തുടങ്ങി. ഇന്ത്യയിലും സിലോണിലും അന്നു ബ്രിട്ടിഷ് ഭരണമായിരുന്നെങ്കിലും ഏതു ഭരണകൂടത്തിനാണ് ദ്വീപിനുമേൽ ഉടമസ്ഥാവകാശം എന്നതുസംബന്ധിച്ച് ഉദ്യോഗസ്ഥന്മാർ തമ്മിൽ തർക്കമായി. 17–ാം നൂറ്റാണ്ടു മുതൽ രാമനാട് ഭരണാധികാരികളുടെ ഭൂമിയായി കരുതിയിരുന്നതാണെങ്കിലും അതിനുമുമ്പുള്ള രേഖകൾ അനുസരിച്ച് കച്ചത്തീവ് സിലോണിന്റെ സമുദ്രാതിർത്തിക്കുള്ളിലാണെന്ന് 1921–22 കാലത്ത് ഇരുകൂട്ടരും അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ മറ്റ് അതിർത്തികളിലെന്നപോലെ മുൻ ഭരണകൂടം അംഗീകരിച്ചിരുന്ന അതിർത്തികൾ നെഹ്റു ഭരണകൂടവും അംഗീകരിച്ചു.
1971 ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്ത് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും മറ്റും സിലോൺ സൗകര്യം നൽകിയത് ഇന്ത്യയ്ക്ക് തലവേദനയായി. സിലോണിനെ ഇന്ത്യൻ പക്ഷത്തു നിർത്തേണ്ടത് ഇന്ത്യയുടെ ഭാവിസുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇന്ദിരാഗാന്ധി ഭരണകൂടത്തിനു ബോധ്യമായി. സ്വതന്ത്രയെങ്കിലും അതുവരെ ബ്രിട്ടിഷ് ഡൊമിനിയൻ ആയിരുന്ന സിലോൺ 1972 ൽ ശ്രീലങ്ക എന്ന പേരിൽ റിപ്പബ്ലിക്ക് ആയ സമയത്ത്, ആ ഉദ്ദേശ്യത്തോടെ നടത്തിയ ചർച്ചകളിലാണ്, 1921–22 കാലത്തെ ധാരണ സമുദ്രാതിർത്തി ഉടമ്പടിയായി മാറിയത്. 1974 ൽ ആയിരുന്നു ഉടമ്പടി ഒപ്പിട്ടത്.
ശ്രീലങ്കയുടെ പരമാധികാരപ്രദേശമായി അംഗീകരിക്കുമ്പോഴും ഇന്ത്യൻ മീൻപിടിത്തക്കാർക്ക് വിശ്രമിക്കാനും വലയുണക്കാനുമുള്ള അവകാശം തുടരുമെന്ന് ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പൊതുവേ പാലിച്ചുപോന്നിരുന്നതാണ്. ലങ്കൻ ആഭ്യന്തരയുദ്ധക്കാലത്ത് ഈ പ്രദേശത്ത് മന്ദഗതിയിലായ മീൻപിടിത്തം വീണ്ടും ഊർജിതമായി. മത്സ്യവിളവ് കുറഞ്ഞുവന്നതോടെയാണ് ഇരു രാജ്യത്തെയും മീൻപിടിത്തക്കാർ തമ്മിലുള്ള തർക്കങ്ങൾ വീണ്ടും രാഷ്ട്രീയ പരാമർശങ്ങൾക്കു കാരണമായിരിക്കുന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.