സന: യമൻ തലസ്ഥാനമായ സനയിൽ ഞായറാഴ്ച ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ കോംപ്ലക്‌സും മിസൈൽ താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
സെൻട്രൽ സനയിലെ മുൻസിപ്പാലിറ്റി കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ടെന്ന് ഹൂതി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. തുറമുഖ നഗരമായ ഹുഡൈഡയിലും സമാനമായ ആക്രമണം നടന്നതായി ഇസ്രയേൽ വാർത്താ മാധ്യമമായ മാരിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൂതികള്‍ ഇസ്രയേലിനും പൗരന്മാർക്കും നേരെ നിരന്തരം നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കുമുള്ള തിരിച്ചടിയാണ് സനയിൽ നടത്തിയ ആക്രമണമെന്നാണ് ഇസ്രയേലി സേന എക്‌സിലൂടെ പ്രതികരിച്ചത്.
ക്ലസ്റ്റർ യുദ്ധപോർമുനയുള്ള മിസൈല്‍ ഉപയോഗിച്ചാണ് നേരത്തെ ഇസ്രയേലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്നും ആദ്യമായാണ് ഇത്തരമൊരു ആയുധം അവർ ഉപയോഗിച്ചതെന്നും ഇസ്രയേൽ വ്യോമസേന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പലസ്തീൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരന്തരമായി ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളും ഇസ്രയേൽ തടഞ്ഞിരുന്നു, എന്നാൽ ഹൂതികൾ നടത്തിയ ഏതാനും ആക്രമണങ്ങൾ ഇസ്രയേലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.