ദില്ലി: ബിഹാറിൽ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീർത്തിപരമായ വാക്കുകൾ ഉപയോഗിച്ചതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിച്ചു. രാഹുൽ ഗാന്ധിക്ക് ലജ്ജയുണ്ടെങ്കിൽ, മോദി ജിയോടും അദ്ദേഹത്തിന്‍റെ അമ്മയോടും ഈ രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണം. ദൈവം എല്ലാവർക്കും നല്ല ബുദ്ധി നൽകട്ടെയെന്ന് അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസം മുൻപ് നടന്ന സംഭവം എല്ലാവരെയും വേദനിപ്പിച്ചു. മോദി ജിയുടെ അമ്മ ഒരു പാവപ്പെട്ട വീട്ടിലാണ് ജീവിച്ചത്. തന്‍റെ മക്കളെ നല്ല മൂല്യങ്ങൾ നൽകി വളർത്തി. മകനെ ജനങ്ങളുടെ നേതാവാക്കി. അത്തരമൊരു ജീവിതത്തെക്കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിൽ ഇതിലും വലിയൊരു അധഃപതനം ഉണ്ടാകാനില്ല. അതിനെ ശക്തമായി അപലപിക്കുന്നു.
കോൺഗ്രസാണ് രാഷ്ട്രീയത്തിൽ വിദ്വേഷത്തിന്റെ സംസ്കാരം പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് എത്രത്തോളം അധിക്ഷേപിക്കുന്നുവോ, അത്രത്തോളം ബിജെപി വിജയിക്കും. കൂടാതെ, 'ഘുസ്‌പേതിയ ബച്ചാവോ യാത്ര'യിലൂടെ രാഹുൽ ഗാന്ധി ബിഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, "സത്യവും അഹിംസയും വിജയിക്കും, അസത്യത്തിനും അക്രമത്തിനും അവക്ക് മുന്നിൽ നിൽക്കാൻ കഴിയില്ല. എത്ര വേണമെങ്കിലും അടിക്കുകയും തകർക്കുകയും ചെയ്യാം, ഞങ്ങൾ സത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നത് തുടരും. സത്യമേവ ജയതേ," എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ബിഹാറിൽ വിവാദം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ സംഭവം നടന്നത്. രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'ക്കിടെ ചില കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കും എതിരെ മോശം വാക്കുകൾ ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ പരാമർശത്തിൽ ബിജെപി പട്‌നയിലെ കൊട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയും കോൺഗ്രസ് എംപി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകളുള്ള വേദിയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തിപരമായ ഭാഷ ഉപയോഗിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വരികയായിരുന്നു. അതേ വേദിയിൽ നിന്ന് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ആർജെഡി നേതാവ് തേജസ്വി യാദവും മുസാഫർപൂരിലേക്ക് മോട്ടോർ സൈക്കിളിൽ പോയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.