ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിനിയിൽ നിന്നു 9.45 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കച്ച് ജില്ലയിലെ ഗാന്ധിധാം സ്വദേശിയായ മഹേശ്വരി മനീഷ് ദേവ്ജിഭായ് (21) എന്ന യുവാവാണ് പിടിയിലായത്.
2025 മാർച്ചിലാണ് പരാതിക്കാരി ഫേസ്‌ബുക്കിൽ കണ്ട പരസ്യത്തിലെ ലിങ്ക് വഴി വ്യാജമായ ഷെയർ ട്രേഡിങ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. തുടർന്ന് തട്ടിപ്പുകാരൻ കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെടുകയും, നിക്ഷേപം നടത്തിയാൽ ലാഭം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കാൻ പരാതിക്കാരിയെ പ്രേരിപ്പിച്ചു. വ്യാജ വെബ്സൈറ്റിൽ ലാഭം കാണിച്ചെങ്കിലും, ആ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ പണം ടാക്സിനായി ആവശ്യപ്പെട്ടത് പരാതിക്കാരിയിൽ സംശയം ഉണർത്തി. തുടർന്ന് 1930 എന്ന നാഷണൽ സൈബർ ക്രൈം ടോൾഫ്രീ നമ്പറിൽ പരാതി നല്കുകയും ചെയ്തു.
പരാതിക്കാരിയില്‍ നിന്നും 4.40 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് സ്വീകരിച്ച പ്രതിയാണ് പിടിയിലായത്. സുഹൃത്ത് സുഹൈൽ താക്കറിന്റെ നിര്‍ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം അയച്ചുവാങ്ങിയതെന്ന് പ്രതി പറഞ്ഞു.
പണമിടപാട് മറവിൽ കമ്മിഷൻ ലഭിച്ചുവെന്നും ഇയാൾ പറഞ്ഞു. നഷ്ടപ്പെട്ട തുകയില്‍ 4 ലക്ഷത്തോളം രൂപ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞു. ഇതിൽ 2.37 ലക്ഷം രൂപ ആദ്യം തന്നെ കോടതിയുടെ ഉത്തരവുപ്രകാരം പരാതിക്കാരിക്ക് തിരികെ നൽകി. ബാക്കി തുക തിരികെ നല്‍കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ തടസ്സം സൃഷ്ടിച്ചുവെങ്കിലും പിടികൂടി. ആലപ്പുഴ സൈബർ ക്രൈം ഇൻസ്‌പെക്ടറുടെ നിര്‍ദേശപ്രകാരം സിപിഒമാരായ അഖിൽ ആർ, ജേക്കബ് സേവ്യർ എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. ഗാന്ധിധാം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ട്രാൻസിറ്റ് വാറന്റ് പ്രകാരം ആലപ്പുഴയിലേക്ക് കൊണ്ടുവന്നു.
ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണൻ എൻ മുമ്പാകെ ഹാജരാക്കിയപ്പോള്‍ പ്രതി തട്ടിയ പണം തിരികെ നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ തമിഴ്‌നാട് ആവഡി സിറ്റി പൊലീസിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘത്തില്‍ എസ്എച്ച്ഒ ഏലിയാസ് പി ജോര്‍ജ്ജ്, എസ്ഐ വി എസ് ശരത്ചന്ദ്രന്‍, സീനിയര്‍ സിപിഒ മഹേഷ് എംഎം, സിപിഒ മാരായ അിഖില്‍ ആര്‍, ജേക്കബ് സേവ്യര്‍, വിദ്യ ഒ കെ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.