മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സമ്മർദം ശക്തമാക്കുന്നതിനു പിന്നാലെ യുഎസുമായുള്ള ആണവക്കരാറിൽനിന്ന് പിന്മാറി റഷ്യ. 1987ൽ യുഎസുമായി ഒപ്പുവച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) കരാറിൽ നിന്നാണ് പിന്മാറ്റം.
ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ–മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാർ. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങൾക്കകമാണ് റഷ്യയുടെ മറുപടി.
‘പാശ്ചാത്യ രാജ്യങ്ങളുടെ നടപടികൾ’ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. സോവിയറ്റ് യുഗത്തിലെ കരാറിൽ തുടരുന്നതിനുള്ള കാരണങ്ങൾ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങൾ അവരുടെ മിസൈൽ ശേഷി വർധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു. 1987ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് റീഗനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതൽ 5,500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
റഷ്യ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഎസ് 2019ൽ കരാറിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ യുഎസ് പ്രകോപനമുണ്ടാക്കാത്തിടത്തോളം തങ്ങളും യുഎസിനു സമീപം മിസൈലുകൾ വിന്യസിക്കില്ലെന്നാണ് റഷ്യ ആവർത്തിച്ചിരുന്നത്. എന്നാൽ യുഎസിന്റെയും നാറ്റോ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥിരത ലംഘിക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതിനാൽ റഷ്യയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് ഡിസംബറിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, മിസൈൽ വിന്യസിക്കുന്നത് നിരോധിച്ച കരാർ ലംഘിക്കപ്പെട്ടത് നാറ്റോ രാജ്യങ്ങളുടെ റഷ്യ വിരുദ്ധ നയങ്ങളുടെ ഫലമാണെന്ന് ആരോപിച്ച് റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് രംഗത്തെത്തി. മോസ്കോയുടെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.