അമേരിക്ക;ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. നൂറിൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 17 പേർ ആശുപത്രിയിൽ ചികിത്സയിലുമാണെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യവിഭാഗം അറിയിച്ചു.
പ്രദേശത്തുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ ചികിത്സയ്ക്ക് വിധേയമാകണമെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.സെൻട്രൽ ഹാലെമിൽ നിന്നുള്ള ഒരു ആശുപത്രിയിലെയും മറ്റൊരു ക്ലിനിക്കിലെയും പത്ത് കെട്ടിടങ്ങളിൽ നിന്നുള്ള കൂളിങ് ടവറുകളിലാണ് അണുബാധ വ്യാപിച്ചത്.കൂളിങ് ടവറുകളിൽ പരിഹാരനടപടികൾ നടന്നുവരുന്നതായും അവസ്ഥ നിയന്ത്രണവിധേയമാണെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. നിലവിൽ കുടിവെള്ളമോ, ജലവിതരണ സംവിധാനമോ അപകടാവസ്ഥയിൽ അല്ലെന്നും വായുവും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ബാക്ടീരിയയുടെ വ്യാപനം കുറഞ്ഞതിന്റെ ലക്ഷണമാണെന്ന് ന്യൂയോർക്ക് സിറ്റി ആക്റ്റിങ് ഹെൽത്ത് കമ്മീഷണർ ഡോ.മിഷേൽ മോർസ് പറഞ്ഞു.
എന്താണ് ലീജനേഴ്സ് ഡിസീസ്?
ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രരൂപമാണ് ലീജനേഴ്സ് ഡിസീസ്. ലിജിയോണെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അല്ലാത്തപക്ഷം ഗുരുതരമാകും.
ലക്ഷണങ്ങൾ
ലിജിയോണെല്ല ബാക്ടീരിയയുമായി സമ്പർക്കത്തിലേർപ്പെട്ട് രണ്ടുമുതൽ പത്തു ദിവസത്തിനുള്ളിലാണ് രോഗം സ്ഥിരീകരിക്കുക. തലവേദന, പേശീവേദന, തീവ്രമായ പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഓക്കാനം, ഛർദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
ശ്വാസകോശത്തേയാണ് പ്രധാനമായും ബാധിക്കുകയെങ്കിലും ഹൃദയം ഉൾപ്പെടെയുള്ള മറ്റുഭാഗങ്ങളിലേക്കും പടരാനിടയുണ്ട്. ഇതേ ബാക്ടീരിയ തന്നെയാണ് പോൺടിയാക് ഫീവർ എന്ന രോഗത്തിലേക്കും നയിക്കുന്നത്. എന്നാൽ പോൺടിയാക് ഫീവർ ഉള്ളവരിൽ പനി, വിറയൽ, തലവേദന, സന്ധിവേദന തുടങ്ങിയവ മാത്രമാണ് ഉണ്ടാവുക. അത് ശ്വാസകോശത്തെ ബാധിക്കാറില്ലെന്ന് മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാവുകയും ചെയ്യും.
സങ്കീർണതകൾ
ചികിത്സ വൈകിയാൽ ആരോഗ്യം വഷളാവാനും കാരണമാകും. ശ്വാസകോശം തകരാറിലാകുന്നതാണ് അതിൽ പ്രധാനം. ശരീരത്തിന് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കാനും രക്തത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതാവും.
മറ്റൊന്ന് സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ്. രക്തസമ്മർദത്തിന്റെ തോത് പെട്ടെന്ന് പാടേ കുറയുകയും ഇത് പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും. മസ്തിഷ്കം, വൃക്ക എന്നീ അവയവങ്ങളേയാണ് പ്രധാനമായും ബാധിക്കുക. തൽഫലമായി ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരികയും അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും അതുവീണ്ടും രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.