മലപ്പുറം: ഇല്ലാത്ത ചികിത്സാ രേഖ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ. എടവണ്ണ സ്വദേശി മുളങ്ങാടൻ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി.
ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരുന്ന പരാതിക്കാരൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ നിഷേധിച്ചു. ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകൾ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇൻഷുറൻസ് നിഷേധിച്ചത്.
ഇൻഷുറൻസ് പോളിസി എടുക്കുന്നതിനുമുമ്പ് ചികിത്സ നേടിയ രോഗം നേരത്തെ ഉണ്ടായിരുന്നതായി ഒരു രേഖ പ്രകാരവും കണ്ടെത്താനായിട്ടില്ലെന്നും ഇല്ലാത്ത ചികിത്സാ രേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കണ്ടെത്തിയാണ് കമ്മിഷന്റെ ഉത്തരവ്. ചികിത്സാവിവരം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന കമ്പനിക്ക് അത് തെളിയിക്കാനായില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു..
പരാതിക്കാരന്റെ ചികിത്സാ ചെലവ് 1,21,269 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒൻപതു ശതമാനം പലിശയും നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.