പാലക്കാട് : ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്.
യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടർമാർ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യൻ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.30നു രാത്രി ഒൻപതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയൻ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തും മുൻപു കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചു. ഭാര്യയാണെന്നാണു പൊലീസിനോടും ആദ്യം ഇയാൾ പറഞ്ഞത്.
പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ മീനാക്ഷിപുരം പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ട്. സ്റ്റേഡിയം ബൈപാസ് റോഡിൽ രാത്രി എട്ടരയോടെ യുവതി പേടിച്ചു വേഗത്തിൽ ഓടിപ്പോകുന്നതു വാഹന യാത്രക്കാർ കണ്ടിരുന്നു. യുവതിയെ പിന്തുടർന്നു വിവരം അന്വേഷിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ പോയില്ല. സുബ്ബയ്യൻ എട്ടോടെ ഈ പരിസരത്തു മദ്യപിക്കുന്നതു കച്ചവടക്കാരും കണ്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.