ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയ ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ വിവാദം ഒടുവിൽ ഒത്തുതീർപ്പിലേക്ക്. ഡോക്ടർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അധ്യാപക സംഘടനയായ KGMCTA-ക്ക് ഉറപ്പ് നൽകി. വിവാദങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് സംവിധാനത്തെ മൊത്തത്തിൽ സമ്മർദ്ദത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോ. ഹാരിസ് ചിറക്കലുമായി നേരിട്ട് സംസാരിച്ച ശേഷമാണ് ഈ സമവായ നീക്കം. ഇനി വിവാദങ്ങൾക്കില്ലെന്നും, മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് അധ്യാപക സംഘടന നിർദ്ദേശം നൽകിയതായും ഡോ. ഹാരിസ് ചിറക്കൽ അറിയിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തി പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനം വലിയ വിമർശനങ്ങൾക്കിടയാക്കിയതിനെത്തുടർന്നാണ് അധ്യാപക സംഘടനയായ KGMCTA അനുരഞ്ജന ശ്രമങ്ങൾക്ക് മുൻകൈയെടുത്തത്. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനം ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് KGMCTA സംസ്ഥാന പ്രസിഡന്റ് റോസ്‌നര ബീഗം വ്യക്തമാക്കിയിരുന്നു. മോഴ്സിലോസ്കോപ്പ് അവിടെയുണ്ടെന്ന് വ്യക്തമായതിനാൽ ഉപകരണം കാണാതായി എന്നുള്ളത് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാമെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ആരോഗ്യമന്ത്രി നേരിട്ടെത്തി സംസാരിച്ചെന്നും, അധ്യാപക സംഘടനകളുടെ നിർദ്ദേശമുള്ളതിനാൽ വിഷയത്തിൽ ഇനി പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വിവാദങ്ങളെ തുടർന്ന് ഒരാഴ്ച അവധിയെടുത്ത ഡോ. ഹാരിസ് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതേസമയം, താൻ വാർത്താസമ്മേളനം നടത്തിയത് ആരെയും കുടുക്കാനല്ലെന്നും, സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിച്ചത് താനാണെന്നും DME വിശ്വനാഥ് വ്യക്തമാക്കി രംഗത്തെത്തി. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് അച്ചടക്ക നടപടി വകുപ്പുതല അന്വേഷണത്തിൽ മാത്രം ഒതുക്കി പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.