സീതാദേവിയുടെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന ബീഹാറിലെ സീതാമർഹിയിലുള്ള പുനൗരാധാമിയിലെ ജാനകി മന്ദിറിന്‍റെ പുനരുദ്ധാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിന്‍റെ മാതൃകയിൽ നിർമിക്കുന്ന സീതാക്ഷേത്രത്തിന്‍റെ ഭൂമിപൂജയും ക്ഷേത്രത്തിന്‍റെ പുതിയ രൂപകൽപ്പനയുടെ അനാച്ഛാദനവും അമിത് ഷാ നിർവഹിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒൻപത് അംഗ ട്രസ്റ്റിന് കീഴിൽ ബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര മന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
21 തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നുള്ള മണ്ണ്, 31 നദികളിൽ നിന്നുള്ള വെള്ളം, ജയ്പൂരിൽ നിന്നുള്ള ഒരു വെള്ളി കലശം, ഡൽഹിയിൽ നിന്നുള്ള വെള്ളി പ്രാർത്ഥനാ പാത്രങ്ങൾ, തിരുപ്പതി ബാലാജിയിൽ നിന്നുള്ള ലഡ്ഡു എന്നിവയുടെ അകമ്പടിയോടെയാണ് ഭൂമിപൂജ നടത്തിയത്.
നിലവിലുള്ള 17 ഏക്കർ സ്ഥലവും 165.57 കോടി രൂപ ചെലവിൽ പുതുതായി ഏറ്റെടുക്കുന്ന 50 ഏക്കറും ഉൾപ്പെടെ 67 ഏക്കറിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിനായി ബീഹാർ സർക്കാർ 882.87 കോടി രൂപ അനുവദിച്ചു. പ്രദക്ഷിണ പാത, യാഗ പവലിയൻ, മ്യൂസിയം, ഓഡിറ്റോറിയം, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, തീർത്ഥാടകർക്കുള്ള ധർമ്മശാല, പാർക്കിംഗ് സോണുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ ഉണ്ടായിരിക്കും. ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോധ്യയുമായി റോഡ്, റെയിൽ വഴി സീതാക്ഷേത്രത്തെ ബന്ധിപ്പിക്കും. ചടങ്ങിനിടെ, അമിത് ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ സീതാമർഹി-ന്യൂഡൽഹി അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.