തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് 10 ലക്ഷം കണ്ടെയ്‌നറുകൾ എത്തിയപ്പോൾ ജിഎസ്ടി ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചത് 75 കോടി രൂപ. ജൂലായ് 31 വരെ 908040 കണ്ടെയ്‌നറാണ് തുറമുഖം കൈകാര്യം ചെയ്തത്. 419 കപ്പലുകളാണ് ഇവിടെ വന്നുപോയത്. ഇക്കാലയളവിൽ യൂസർഫീ ഇനത്തിൽ അദാനി ഗ്രൂപ്പിന് 384 കോടി രൂപയാണ് ലഭിച്ചത്. ഇതിന്റെ 18 ശതമാനമാണ് ജിഎസ്ടിയായി സർക്കാരിനു ലഭിക്കുക.
ഓഗസ്റ്റിൽ 40 കപ്പലുകളിൽനിന്നായി ഒരുലക്ഷത്തിലധികം കണ്ടെയ്‌നർ എത്തിയതോടെ 40 കോടിയോളം തുറമുഖത്തിനു വരുമാനമുണ്ടാകും. ഇതിന്റെ ജിഎസ്ടിയായി ഏഴുകോടിയോളം രൂപകൂടി കണക്കാക്കുമ്പോൾ ജിഎസ്ടി വരുമാനം 75 കോടി കടക്കും.ഓരോ കപ്പലും തുറമുഖത്ത് വന്നുപോകുന്നതിനു നൽകുന്ന യൂസർഫീ ഇനത്തിലെ മാത്രം കണക്കാണിത്. ഇതിനുപുറമേ തുറമുഖം പ്രവർത്തിക്കുന്നതിനും ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവിന്റെ നികുതിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. നിലവിൽ നികുതിവരുമാനം മാത്രമാണ് സർക്കാരിനു തുറമുഖത്തുനിന്നു ലഭിക്കുകയുള്ളൂ. 2036 മുതൽ മാത്രമേ വരുമാനത്തിന്റെ വിഹിതം സർക്കാരിനു ലഭിക്കൂ
പ്രവർത്തനം സജ്ജമായി ഒൻപതുമാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യംചെയ്ത ദക്ഷിണേഷ്യയിലെതന്നെ ആദ്യത്തെ തുറമുഖമായിരിക്കും വിഴിഞ്ഞം. സാധാരണ ലോകത്തെതന്നെ വലിയ തുറമുഖങ്ങൾപോലും ഒരു വർഷത്തോളമെടുത്താലാണ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നത്.സെമി ഓട്ടമാറ്റിക് ക്രെയിനുകളുടെ പ്രവർത്തനം കണ്ടെയ്നറുകൾ വേഗത്തിൽ കൈാര്യം ചെയ്യുന്നതിൽ നിർണായകമായി. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ജേഡ് സർവീസും ആഫ്രിക്കൻ സർവീസും വിഴിഞ്ഞം തുറമുഖംവഴിയായതോടെ ചരക്കുനീക്കത്തിന് ആക്കംകൂടി.
എംഎസ്‌സിയുടെ ഗ്ലോബൽ ഷിപ്പിങ് റൂട്ടിൽ വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയതും നേട്ടമായി. തുറമുഖരംഗത്ത് അദാനി ഗ്രൂപ്പിന്റെ ആഗോളസാന്നിധ്യമാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിനു പിന്നിലെ മറ്റൊരു കാരണം.അന്താരാഷ്ട്ര ശ്രദ്ധ വിഴിഞ്ഞത്തേക്ക്
വിഴിഞ്ഞം തുറമുഖത്തിന്റെ മികവ് അന്താരാഷ്ട്രരംഗത്തും ചർച്ചയാകുന്നു. ഇതോടെ ഗ്ലോബൽ മാരിടൈം മേഖലയിൽ വിഴിഞ്ഞം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് രംഗത്തെ ഞെട്ടിച്ചെന്നാണ് കോമൺവെൽത്ത് യൂണിയൻ റിപ്പോർട്ട് ചെയ്തത്. കോമൺവെൽത്ത് രാജ്യങ്ങളിലെ ബിസിസസ് മേഖലയിലെ വാർത്തകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ പോർട്ടലാണിത്.
മാരിടൈം മേഖലയിൽ ആരും പ്രതീക്ഷിക്കാത്ത അദ്ഭുതകരമായ കുതിപ്പാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണേഷ്യയുടെ കപ്പൽ വാണിജ്യമേഖലയുടെ റൂട്ട്മാപ്പ് തന്നെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം മാറ്റിമറിച്ചു. കൊളംബോ, സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വമ്പൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി.
നേരത്തേ ഒരിന്ത്യൻ തുറമുഖങ്ങളിലും എത്താതിരുന്ന അൾട്രാ ലാർജ് വെസൽസ് ഗണത്തിൽപ്പെടുന്ന 400 മീറ്റർ നീളമുള്ള മദർഷിപ്പുകൾ ഇവിടെയെത്തിയെന്ന പ്രത്യേകതയുമുണ്ട്. വിഴിഞ്ഞത്തെ രാജ്യത്തെ ഏറ്റവും മികച്ച ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാക്കാനുള്ള ആധുനിക സജ്ജീകരണങ്ങൾ അദാനി ഗ്രൂപ്പ് ഇവിടെ ഒരുക്കിയതും വിഴിഞ്ഞത്തിന്റെ കുതിപ്പിനു ഗുണകരമായി.നിലവിൽ കപ്പലുകളിൽനിന്നു കപ്പലുകളിലേക്കു ചരക്കു കൈകാര്യം ചെയ്യുന്ന ട്രാൻസ്ഷിപ്‌മെന്റ് മാത്രമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. റോഡ്, റെയിൽ കണക്ടിവിറ്റി വരുമ്പോൾ രാജ്യത്തെ വ്യവസായ ലോകത്തെ ബന്ധിപ്പിക്കുന്ന ഏകജാലക സംവിധാനമായി വിഴിഞ്ഞം മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.