ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മണി ഗെയിം ഇന്‍ഡസ്ട്രിക്കാണ് പൂട്ടുവീഴുന്നത്.

ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെ പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തിയിരുന്ന കമ്പനികള്‍ പ്രവര്‍ത്തം അവസാനിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഡ്രീം 11 സര്‍ക്കിള്‍, മൈ 11 സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24X7 അറിയിച്ചു. വെള്ളിയാഴ്ചയാണ് ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. പലപ്പോഴായി പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വളര്‍ന്നു പന്തലിച്ച ഇന്ത്യയുടെ ഓണ്‍ലൈന്‍ മണി ഗെയിം ഇന്‍ഡസ്ട്രിക്കാണ് ഇതോടെ പൂട്ടുവീഴുന്നത്. പല സംസ്ഥാനങ്ങളും ഇവയെ നേരത്തെ തന്നെ നിരോധിച്ചിരുന്നുവെങ്കിലും രാജ്യത്ത് ഏകീകൃത നിയമമില്ലാതിരുന്നതിനാല്‍ ഇവ പ്രവര്‍ത്തനം തുടരുകയായിരുന്നു.
ആത്മഹത്യകള്‍, കള്ളപ്പണം വെളുപ്പിക്കല്‍

പണം നിക്ഷേപിച്ചശേഷം കൂടുതല്‍ പണം നേടാന്‍ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ മണി ഗെയിമുകളായി പരിഗണിക്കുന്നത്. ഇത്തരം ഗെയിമുകളുടുള്ള അടിമത്വവും സാമ്പത്തിക നഷ്ടങ്ങളും കാരണം ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ പോലും വ്യാപകമായതും കള്ളപ്പണം വെളുപ്പിക്കലുമെല്ലാമാണ് നിരോധനത്തിലേക്ക് നയിച്ചത്. ഇവയ്ക്ക് അടിമപ്പെട്ട് സാമ്പത്തിക ബാധ്യതയാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. ഉന്നത പദവിയിലിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഇതിന് അടിമകകളായി സര്‍ക്കാര്‍ ഫണ്ടുകളില്‍ തിരിമറി നടത്തി പിടിക്കപ്പെട്ട സംഭവങ്ങളുമെല്ലാം വലിയ നാണക്കേടുണ്ടാക്കി. അതോടൊപ്പം ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ പേരില്‍ കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിക്കുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പടെ കള്ളപ്പണം വെളുപ്പിക്കാനായി ഇത്തരം കമ്പനികളെ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഗെയിമിങ് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ച് യുവാക്കളെ ലഹരിയിലേക്കും പിന്നീട് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതായി ഓണ്‍ലൈന്‍ വിജിലാന്റി ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടക്കത്തില്‍ ഫ്രീയായി ഗെയിം കളിക്കാനുള്ള ഓഫര്‍ നല്‍കിയാണ് ഇത്തരം കമ്പനികള്‍ ജനപ്രിയരായി മാറിയത്. ക്രമേണ അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കും. പണം തീരുന്നതോടെ ഓണ്‍ലൈന്‍ വായ്പകള്‍ എടുക്കാനും ഇവര്‍ തന്നെ അവസരം നല്‍കാറുണ്ട്. രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികളെ ഉപയോഗിച്ച് കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളും പിആറുമുായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്‍ ടീമുകളുടെയുമെല്ലാം സ്‌പോണ്‍സര്‍മാരായി ഇത്തരം കമ്പനികളെത്തിയതും യുവാക്കള്‍ക്കിടയില്‍ ഇവരുടെ വിശ്വാസ്യത വര്‍ധിപ്പിച്ചു. രാജ്യത്തെ 18നും 25നും ഇടയില്‍ പ്രായമുള്ള നാല്‍പ്പത് ശതമാനം യുവാക്കള്‍ ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലേക്ക് എത്തിയവരാണെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജി 2022ല്‍ പുറത്തുവിട്ട പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുപതോളം പേരാണ് കേരളത്തില്‍ മാത്രം ഓണ്‍ലൈന്‍ റമ്മി കളിച്ച് ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാവുക. 42 ലക്ഷത്തോളം കടബാധ്യതയുണ്ടായി ആത്മഹത്യ ചെയ്ത കൊല്ലത്തെ ക്യാമറാമാനും ഇരുപത്‌ ലക്ഷം ബാധ്യത ജീവനെടുത്ത ഐഎസ്ആര്‍ഒ ജീവനക്കാരനുമെല്ലാം ഇവയ്ക്ക് മൂക്കുകയറിടേണ്ടതിന്റെ ആവശ്യകത ബലപ്പെടുത്തി. ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളെ നിയന്ത്രിക്കാന്‍ പല തവണ ആവശ്യങ്ങളുയര്‍ന്നു. ഈ കമ്പനികളില്‍ പലതും രാജ്യത്തിന് പുറത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്നതിനാല്‍ ഇവയെ മറ്റ് വഴികളിലൂടെ നിയന്ത്രിക്കുന്നത് അസാധ്യമായിരുന്നു.

നേരത്തെ 2023ല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്നിരുന്നു. പൂര്‍ണമായി നിരോധിക്കുന്നതിന് പകരം കടുത്ത നിയന്ത്രണങ്ങളിലൂടെ ഇവയെ മെരുക്കാനായിരുന്നു നീക്കം. എന്നാല്‍ ഇത് പരാജയപ്പെട്ടതായി സര്‍ക്കാര്‍ പിന്നീട് സമ്മതിച്ചിരുന്നു. ഇത് ഒരു തരത്തിലും നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് എത്തിയതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

ഗെയിം ഓഫ് സ്‌കില്ലും ഗെയിം ഓഫ് ചാന്‍സും

ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമ നടപടികള്‍ അടിസ്ഥാനമാക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പബ്ലിക്ക് ഗാംബ്ലിങ് ആക്ടിനെയാണ് (1867). ഈ നിയമത്തെ അടിസ്ഥാനമാക്കി രാജ്യത്തുണ്ടായ ചൂതാട്ട നിയമങ്ങളിലെ ചില ന്യൂനതകള്‍ മുതലെടുത്താണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ ഇത്രകാലം നിയമനടപടികളെ അതിജീവിച്ചത്. നിയമങ്ങളില്‍ ഗെയിം ഓഫ് സ്‌കില്‍, ഗെയിം ഓഫ് ചാന്‍സ് എന്നിങ്ങനെയുള്ള നിര്‍വചനങ്ങളാണ് ഇവര്‍ മുതലെടുത്തത്. ഭാഗ്യത്തെ മാത്രം ആശ്രയിച്ചുള്ള ഗെയിമുകളെയാണ് ഗെയിം ഓഫ് ചാന്‍സ് എന്ന് നിര്‍വചിക്കുന്നത്. കളിക്കുന്ന ആളിന്റെ കഴിവിനെ ആശ്രയിച്ചുള്ള ഗെയിമുകളെ ഗെയിം ഓഫ് സ്‌കില്‍ എന്നും നിര്‍വചിക്കുന്നു. ഗെയിം ഓഫ് സ്‌കില്‍സിനെ ചൂതാട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന 1957ലെ കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യന്‍ ചൂതാട്ട വിപണി വളര്‍ന്നത്. പിന്നീട് ഇന്റര്‍നെറ്റ് കാലത്ത് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും ഇതിനെ മറയാക്കി. ഓണ്‍ലൈന്‍ റമ്മി, ഡ്രീം ഇലവന്‍ പോലുള്ള ഗെയിമുകളെല്ലാം നിയമപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ തങ്ങളുടേത് ഗെയിം ഓഫ് സ്‌കില്‍ ആണെന്ന് കമ്പനികള്‍ വാദിച്ചു. ഇത് കോടതികളില്‍ അംഗീകരിക്കപ്പെട്ടതോടെ നിയമനടപടികളും ഒഴിവായി.

പുതിയ നിയമത്തില്‍ ഇത്തരം നിര്‍വചനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയും ഓണ്‍ലൈന്‍ മണി ഗെയിം എന്ന സങ്കല്‍പ്പം കൊണ്ടുവരുകയും ചെയ്തു. ഇത് പ്രകാരം കഴിവായാലും ഭാഗ്യമായാലും പണം നിക്ഷേപിച്ച് കൂടുതല്‍ പണമുണ്ടാക്കാനുള്ള ഓണ്‍ലൈന്‍ ഗെയിമുകളെല്ലാം ഇതിന്റെ പരിധിയില്‍ വരും. പുതിയ നിയമം അനുസരിച്ച് ഇനി രാജ്യത്ത് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ നടത്തുന്നവര്‍ക്കും ഇതുമായി സഹകരിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവോ ഒരു കോടിരൂപ വരെ പിഴയോ രണ്ടുകൂടിയോ ലഭിക്കാം. നിരോധിച്ചിട്ടും ഗെയിമുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയാല്‍ ഈ പ്ലാറ്റ്‌ഫോം ബ്ലോക്ക് ചെയ്യാനും സാധിക്കും. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂര്‍ണമായ നിയന്ത്രണമില്ല. ഇ-സ്‌പോര്‍ട്‌സ് എന്ന വിഭാഗത്തിലുള്ള ഗെയിമുകള്‍ക്കാണ് ഈ നിരോധനം ബാധകമല്ലാത്തത്. നിശ്ചിത സ്‌പോര്‍ട് ഫെഡറേഷനുകളുടെ അംഗീകാരമുള്ളതും നൈപുണ്യം അടിസ്ഥാനമാക്കിയിട്ടുള്ളതുമാണ് ഇ-സ്‌പോര്‍ട്‌സ്. വാതുവെപ്പും ചൂതാട്ടവും പോലുളളവ ഇതില്‍ നടത്താന്‍ സാധിക്കില്ല.

മുന്‍പേ നടന്ന് തമിഴ്‌നാട്

ഇക്കാര്യത്തില്‍ മുന്‍പേ നടന്നത് തമിഴ്‌നാടായിരുന്നു. അതിനവര്‍ക്ക് കൃത്യമായ കാരണവുമുണ്ടായിരുന്നു. 44 പേരാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് കൊണ്ടുവന്ന ഗെയിം നിരോധന ഉത്തരവ് മദ്രാസ്‌ഹൈക്കോടതി റദ്ദാക്കിയപ്പോഴാണ് തമിഴ്‌നാട് നിയമഭേദഗതി പാസാക്കിയത്. ഓണ്‍ലൈന്‍ റമ്മികളി മൂന്ന് മാസം തടവും 5000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാക്കി. റമ്മി ഉള്‍പ്പടെയുള്ള ഗെയിമുകളെല്ലാം നിരോധിച്ചു. നടത്തിപ്പുകാര്‍ക്ക് 3 വര്‍ഷം തടവും 10ലക്ഷം പിഴയും വരെ ലഭിക്കുന്ന ചട്ടമേര്‍പ്പെടുത്തി. ഇതില്‍ പിന്നീട് വലിയ നിയമയുദ്ധങ്ങളും കോടതി ഇടപടലുകളും ഭേദഗതികളുമെല്ലാമുണ്ടായി. തെലങ്കാനയും ആന്ധ്രയും സമാനമായ ഇടപെടലുകള്‍ നടത്തിയിരുന്നു. എങ്കിലും കേന്ദ്രീകൃത നിയമമില്ലാത്തതിനാല്‍ ഈ നിയമങ്ങളും ഇടപെടലുകളുമൊന്നും പൂര്‍ണമായ ലക്ഷ്യം കണ്ടില്ല.

സര്‍ക്കാരിന് നഷ്ടം വര്‍ഷം 20000 കോടി രൂപ

ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യയുടെ ഓണ്‍ലൈന്‍ ഗെയിമിങ് ഇന്‍ഡസ്ട്രിയുടെ ആസ്ഥി 2 ലക്ഷം കോടിയിലേറെ രൂപയാണ്. 19.6 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആഗോള തലത്തില്‍ ഗെയിമിങ് ഉപയോക്താക്കളുടെ 20 ശതമാനം ഇന്ത്യയിലാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള ബ്രസീലിലും അമേരിക്കയിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ ഈ നിരോധനം വന്നില്ലായിരുന്നെങ്കില്‍ പടര്‍ന്ന് പന്തലിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഓണ്‍ലൈന്‍ ഗെയിമിങ് ഇന്‍ഡസ്ട്രി വളര്‍ന്നേനെ. ഒരു ലക്ഷത്തിലേറെ പേര്‍ നേരിട്ടും അല്ലാതെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നുമുണ്ട്. നിരോധനം നടപ്പിലാകുന്നതോടെ സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തില്‍ പ്രതിവര്‍ഷം 15000-20000 കോടി രൂപ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023ല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഈയിനത്തിലെ നികുതി വരുമാനം കുത്തനെ വര്‍ധിച്ചു. നിരോധനം വരുന്നതോടെ ഈ വരുമാനവും ഇല്ലാതാവും.

നിരോധനത്തിലൂടെ പരിഹാരമാവുമോ?

മദ്യവും മയക്കുമരുന്നും പോലെയാണ് ഓണ്‍ലൈന്‍ ഗെയിമിങ്ങും ചൂതാട്ടവും സൃഷ്ടിക്കുന്ന അടിമത്വം. ഒറ്റ ദിവസം കൊണ്ടുള്ള നിരോധനം കാരണം അതില്ലാതാക്കാന്‍ കഴിയില്ല. അത്രത്തോളം സങ്കീര്‍ണമായാണ് ഇത് വേരുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. ബോധവത്കരണവും സാമൂഹിക ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ഓണ്‍ലൈനില്‍ നിരോധിച്ചതിലൂടെ മാത്രം ഇവയുടെ പ്രവര്‍ത്തനം തടയാനാകില്ല. ഡാര്‍ക്ക് വെബ് ഉള്‍പ്പടെയുള്ള സമാന്തര ലോകങ്ങളിലെ ചൂതാട്ടങ്ങളും നിയന്ത്രിക്കപ്പെടണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !