പ്രതിരോധം സൃഷ്ടിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാകണം, ഒരു വര്‍ഗീയവാദത്തെ മറ്റൊരു വര്‍ഗീയവാദം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ല.

ആലപ്പുഴ: എംഎസ്എഫിനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെ വര്‍ഗീയതയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ബിബന്‍ ചന്ദ്ര ഉള്‍പ്പെടെയുള്ള അഞ്ച് ചരിത്രകാരന്മാര്‍ തയ്യാറാക്കിയ പുസ്തകത്തെ ഉദ്ധരിച്ചാണ് ശിവപ്രസാദ് വര്‍ഗീയതയെക്കുറിച്ച് പറയുന്നത്.

വര്‍ഗീയതയുടെ മൂന്ന് വികാസ ഘട്ടങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നുവെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംഘടനകള്‍ മതത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാവുന്നു എന്ന ഒന്നാം ഘട്ടം മുതല്‍ തീവ്ര വര്‍ഗീയവാദമാകുന്നതുവരെയുള്ള ഘട്ടത്തെ പുസ്തകത്തെ ഉദ്ധരിച്ച് ശിവപ്രസാദ് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഗീയവാദത്തെ മറ്റൊരു വര്‍ഗീയവാദം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും പ്രതിരോധം സൃഷ്ടിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാണെന്നും പറഞ്ഞതിന് ശേഷമാണ് ശിവപ്രസാദ് എംഎസ്എഫിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. 'വര്‍ഗീയ - മത രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ചാരിയാല്‍ അത് വര്‍ഗീയതയ്ക്ക് ഒപ്പംചേരല്‍ തന്നെയാണ്. വര്‍ഗീയതയില്‍ ലയിച്ച വര്‍ഗീയവാദി ആയി എന്ന് തന്നെയാണ്. ഇത് രാഷ്ട്രീയമായ വിമര്‍ശനമാണ്. വംശീയമാണ് എന്ന് പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും ഈ രാഷ്ട്രീയ വസ്തുത നിലനില്‍ക്കുക തന്നെ ചെയ്യും ശിവപ്രസാദ് പറഞ്ഞു.
തിരുത്തലാണ് വേണ്ടത്. ചാപ്പക്കുത്തലല്ല. വര്‍ഗ്ഗീയതയെ പുറം തള്ളി, കൂടെ കൂടിയ വരെ ആട്ടിയോടിച്ച് മതനിരപേക്ഷ പക്ഷത്ത് നില ഉറപ്പിക്കുകയാണ് വേണ്ടതെന്നും അത് ചെയ്യാതെ ഒളിച്ചോടി മതത്തെ കൂട്ടുപിടിച്ച് വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്ന് കരുതേണ്ടെന്നും ശിവപ്രസാദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുട്ടു മുറിയിലെ ചര്‍ച്ച ശീലമില്ലാത്തത് കൊണ്ടും നേര്‍ക്കുനേര്‍ രാഷ്ട്രീയം പറഞ്ഞാണ് രീതി എന്നത് കൊണ്ടും നമ്മുക്ക് കുറച്ച് രാഷ്ട്രീയം പറയാം. മീഡിയവണ്‍ ഉള്‍പ്പെടെയുള്ള വംശീയവാദ ചാപ്പകുത്തികള്‍ പ്രത്യേകം കേള്‍ക്കണം.

ബിബന്‍ ചന്ദ്ര ഉള്‍പ്പെടെയുള്ള 5 ചരിത്രകാരന്‍മാര്‍ തയ്യാറാക്കിയ 'INDIA'S STRUGGLE FOR INDIAN INDEPENDENCE' എന്ന പുസ്തകത്തിലെ 398ാം പേജിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 'The Rise & Growth of Communalism' എന്ന തല വാചകത്തില്‍ എങ്ങനെയാണ് വര്‍ഗ്ഗീയത വികാസം പ്രാപിക്കുന്നത് എന്ന് വിശദീകരിക്കുന്നു. വര്‍ഗ്ഗീയതയുടെ മൂന്ന് വികാസ ഘട്ടങ്ങളാണ് ഇതില്‍വിശദീകരിക്കുന്നത്.

ഒരേ മതത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സമാനമായ താല്‍പ്പര്യമാണ് എന്ന ചിന്തയും ബോധ്യവും ഉണ്ടാവുന്നു എന്നതാണ് ഒന്നാമത്തെ ഘട്ടം. ഇതില്‍ നിന്ന് രാഷ്ട്രീയ സംഘടനകള്‍ മതത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാവുന്നു. ഇത് വര്‍ഗ്ഗീയതയിലേക്കുള്ള ഒന്നാമത്തെ അടിത്തറയാവുന്നു. ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ വര്‍ഗ്ഗീയ ആശയങ്ങളിലേക്കുള്ള പാത ഇവിടെ നിന്ന് ആരംഭിക്കുന്നു.

രണ്ടാം ഘട്ടം എന്നത് വിവിധ മതങ്ങളുള്ള ഒരു സാമൂഹിക അന്തരീക്ഷത്തില്‍ (പ്രത്യേകിച്ച് ഇന്ത്യയില്‍) നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഒരു മതസമൂഹത്തിന്റെ താല്‍പ്പര്യം മറ്റൊരു മതസമൂഹത്തിന്റെ താല്‍പ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തവും ഭിന്നതയുള്ളതുമാണ് എന്ന ചിന്ത ഈ രാഷ്ട്രീയ സംഘടനയ്‌ക്കോ വ്യക്തിക്കോ ഉണ്ടാവുന്നതാണ്. ഈ ഘട്ടത്തെ ലിബറല്‍ കമ്മ്യൂണലിസം എന്ന് വിശേഷിപ്പിക്കാം.

ഏറ്റവും അപകടകരമായ ഘട്ടം മൂന്നാം ഘട്ടമാണ്. ഒരു മതത്തിന്റെ താല്‍പ്പര്യങ്ങളും ആശയങ്ങളും മറ്റൊരു മതവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും നേരേ ഘടക വിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഒത്തുചേര്‍ന്ന് പോവാത്തതാണെന്നും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ഈ രാഷ്ട്രീയ സംഘടനയോ വ്യക്തിയോ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഘട്ടമാണ്. ഇത് തീവ്ര വര്‍ഗ്ഗീയവാദമായും വംശീയ വിദ്വേഷമായും വര്‍ഗ്ഗീയ കലാപമായും രൂപപ്പെടുന്നു.

ഇത് തിയറിയാണ്. ചരിത്രക്കാരന്‍മാര്‍ വിശദ പഠനങ്ങളിലൂടെ നടത്തിയ നിരീക്ഷണം. ഇനി വര്‍ത്തമാനകാല ഇന്ത്യയിലേക്ക് നോക്കാം. സംഘപരിവാര്‍ ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാന്‍ പറ്റുന്നതെല്ലാം ചെയ്യുകയാണ്. ഇതിനെ എങ്ങനെ നാം നേരിടും. അടിവരയിട്ട് പറയട്ടെ, ഒരു വര്‍ഗ്ഗീയവാദത്തെ മറ്റൊരു വര്‍ഗ്ഗീയവാദം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ല. എല്ലാ വര്‍ഗ്ഗീയ വാദികളും പരസ്പരം വെള്ളവും വളവും നല്‍കി സഹായിച്ചു തഴച്ചുവളരുന്നവരാണ്. അവിടെ പ്രതിരോധം സൃഷ്ടിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാണ്.

അതിന് ഇന്ന് ഇന്ത്യയില്‍ ആര്‍ക്കൊക്കെ സാധിക്കുന്നുണ്ട് എന്നതാണ് ചോദ്യം. അവിടെ ഐഡന്റിറ്റി പൊളിറ്റിക്ക്‌സ് ഉയര്‍ത്തുന്നവര്‍ ഉള്‍പ്പെടെ മതനിരപേക്ഷത ഉയര്‍ത്തി എല്ലാ മതനിരപേക്ഷവാദികളുമായി ചേരുകയാണ് വേണ്ടത്. അതിന് പകരം മറ്റൊരു വര്‍ഗ്ഗീയ ആശയത്തെ ചാരി താല്‍കാലിക രാഷ്ട്രീയ നേട്ടത്തിന് പോയാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്.

വര്‍ഗ്ഗീയ - മത രാഷ്ട്രവാദികളായ ജമാഅത്ത ഇസ്ലാമിയെ മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്‍ ചാരിയാല്‍ അത് വര്‍ഗ്ഗീയതയ്ക്ക് ഒപ്പംചേരല്‍ തന്നെയാണ്. വര്‍ഗ്ഗീയതയില്‍ ലയിച്ച വര്‍ഗ്ഗീയ വാദി ആയി എന്ന് തന്നെയാണ്. ഇത് രാഷ്ടീയമായ വിമര്‍ശനമാണ്. വംശീയമാണ് എന്ന് പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും ഈ രാഷ്ട്രീയ വസ്തുത നിലനില്‍ക്കുക തന്നെ ചെയ്യും.

തിരുത്തലാണ് വേണ്ടത്. ചാപ്പക്കുത്തലല്ല. വര്‍ഗ്ഗീയതയെ പുറം തള്ളി, കൂടെ കൂടിയ വരെ ആട്ടിയോടിച്ച് മതനിരപേക്ഷ പക്ഷത്ത് നില ഉറപ്പിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ ഒളിച്ചോടി മതത്തെ കൂട്ടുപിടിച്ച് വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്ന് കരുതേണ്ട. എല്ലാ വര്‍ഗ്ഗീയവാദികള്‍ക്കും എതിരെ ശക്തമായ വിമര്‍ശനവും ആശയപരമായ പോരാട്ടവും തുടരും. മതനിരപേക്ഷ കലാലയങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ നമ്മുക്ക് ഒന്നിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !