തിരുവനന്തപുരം: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമർശിച്ച് ചെന്നൈ വ്യവസായി പൊളിറ്റ് ബ്യൂറോക്ക് രഹസ്യമായി നൽകിയ കത്ത് ചോർന്നതോടെ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. ലണ്ടനിലെ പാർട്ടി പ്രതിനിധിയായ രാജേഷ് കൃഷ്ണയും ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദും തമ്മിലുള്ള തർക്കമാണ് പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലുള്ള ശീതസമരമായിമാറുന്നത്.
പൊളിറ്റ് ബ്യൂറോക്ക് ഷർഷാദ് നൽകിയ പരാതി കോടതിയിൽ ഹാജരാക്കിയതിനുപിന്നിൽ പാർട്ടിക്കുള്ളിലേക്ക് തീപടർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന സംശയമാണ് മിക്കനേതാക്കൾക്കുമുള്ളത്. പക്ഷേ, ഇത് ആർക്കെതിരേ ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തതവരാത്തത്.സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേയുള്ള നീക്കമാണിതെന്നാണ് ഒരുപക്ഷത്തിന്റെ വാദം. അദ്ദേഹത്തിന്റെ മകൻ ശ്യാംജിത്താണ് കത്ത് ചോർത്തിക്കൊടുത്തതെന്ന ആരോപണം പാർട്ടി ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഷർഷാദ് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എം.വി. ഗോവിന്ദന് രാഷ്ട്രീയതിരിച്ചടിയുണ്ടാക്കുന്ന വിധത്തിലുള്ള ഒരു കത്ത്, അദ്ദേഹംതന്നെ ചോർത്തിക്കൊടുക്കുമോ എന്നതാണ് ഇതിലുയരുന്ന സംശയം.
എം.വി. ഗോവിന്ദൻ പാർട്ടിസെക്രട്ടറിയായി വന്നതുമുതൽ ഇ.പി. ജയരാജനുമായി അത്രനല്ല ബന്ധത്തിലല്ല. ഇടതുമുന്നണി കൺവീനർസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നിൽപ്പോലും ഗോവിന്ദന്റെ കടുത്തനിലപാടുകളാണെന്നാണ് ജയരാജനെ പിന്തുണയ്ക്കുന്നവരുടെ വിശ്വാസം. അതിനാൽ, ഇപ്പോഴത്തെ വിവാദത്തിനുപിന്നിലും ഇ.പി. ജയരാജനെ എതിർപക്ഷത്ത് നിർത്തിയുള്ള പ്രചാരണം ശക്തമാണ്.
എന്നാൽ, ഒട്ടേറെ നേതാക്കളുമായി ബന്ധമുള്ള രാജേഷ് കൃഷ്ണയ്ക്ക് ഇ.പി.യുമായി അത്ര അടുപ്പമില്ലെന്നതാണ് ഇതിലുള്ള പ്രശ്നം. മാത്രവുമല്ല, ഷർഷാദ് ആദ്യം പരാതിനൽകിയത് കോടിയേരി ബാലകൃഷ്ണനും പിന്നീട് നൽകിയത് പൊളിറ്റ് ബ്യൂറോ അംഗമായ അശോക് ധാവ്‌ളെക്കുമാണ്.കോടിയേരിക്ക് മലയാളത്തിലും ധാവ്‌ളെയ്ക്ക് ഇംഗ്ലീഷിലും തയ്യാറാക്കിയ പരാതികളാണ് നൽകിയത്. ചോർന്നത് ഇംഗ്ലീഷ് പരാതിയാണ്. ഇതാണ്, സംസ്ഥാനഘടകത്തിലെ ചേരിതിരിവുകൾക്ക് അപ്പുറത്തേക്കുള്ള രാഷ്ട്രീയമാനം ഈ വിഷയത്തിലുണ്ടാക്കുന്നത്.
രാജേഷ് കൃഷ്ണയുടെ പാർട്ടിയിലെ ഇടപെടൽ സംശയത്തോടെയാണ് നേരത്തേ പൊളിറ്റ് ബ്യൂറോ കണ്ടിരുന്നത്. അദ്ദേഹത്തെ ലണ്ടൻ ഘടകത്തിന്റെ സെക്രട്ടറിയാക്കാതിരുന്നത് പിബി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ലണ്ടൻ ഘടകത്തിന്റെ ചുമതല എം.എ. ബേബിക്കായിരിക്കുമ്പോഴായിരുന്നു ഈ നടപടി. ബേബി ഇപ്പോൾ ജനറൽ സെക്രട്ടറിയാണ്. രാജേഷിനെതിരേയുള്ള പരാതിയെയും അതിന്റെ ഗൗരവത്തെയുംകുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. കത്ത് ചോർച്ച ദേശീയനേതൃത്വത്തെക്കൂടി പ്രതിസന്ധിയിലാക്കുന്നതാണ്.
.webp)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.