ഞാന്‍ ആത്ഹമഹത്യ ചെയ്തു നിങ്ങള്‍ക്ക് ദുഃഖം ആചരിക്കാന്‍ അവസരം തരുമെന്ന് കരുതണ്ട. കൂടുതല്‍ പ്രതികരണവുമായി സംവിധായക റത്തീന പി ടി.

കത്ത് ചോര്‍ച്ചാ വിവാദങ്ങള്‍ക്കിടെ കൂടുതല്‍ പ്രതികരണവുമായി സംവിധായക റത്തീന പി ടി. ഇപ്പോള്‍ പരാതിയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ മുന്‍ ജീവിതപങ്കാളിയാണ് റത്തീന

നേരത്തെ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രവുമായി ബന്ധപ്പെട്ടും വലിയ ആരോപണങ്ങള്‍ ഷര്‍ഷാദ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളും തന്നെ മാനസികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്ന് റത്തീന പറയുന്നു. ആദ്യം സിനിമ വച്ച് ഒരു ട്രയല്‍ നോക്കി ഏറ്റില്ല, അപ്പോള്‍ ആരോ ഉപദേശിച്ച ബുദ്ധിയാവണം പാര്‍ട്ടിയെ കുറിച്ച് പറഞ്ഞാല്‍ മീഡിയ വീട്ട് പടിക്കല്‍ വരുമെന്ന്. ഏതായാലും ഞാന്‍ കഴിഞ്ഞ തവണ കൊടുത്ത ഒരു കേസില്‍ ഇയാള്‍ക്കെതിരെ FIR ഇട്ടിരുന്നു. Non bailable ഒഫന്‍സ് ആണ്. ആ കേസില്‍ അയാള്‍ ഹാജരായിട്ടില്ല,' റത്തീന പറയുന്നു

ഷര്‍ഷാദ് നിരവധി പേരെ സാമ്പത്തികമായി പറ്റിച്ചിട്ടുണ്ടെന്ന് റത്തീന പറയുന്നു. ഷര്‍ഷാദില്‍ നിന്നുള്ള മാനസിക-ശാരീരീക-സാമ്പത്തിക ഉപദ്രവങ്ങള്‍ സഹിക്കാതായതോടെയാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയതെന്ന് റത്തീന പറയുന്നു. ഇയാള്‍ തന്നെ സാമ്പത്തികമായി നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നും റത്തീന പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഷര്‍ഷാദിനെതിരെയുള്ള എഫ്‌ഐആറും കോടതിവിധികളുടെ പകര്‍പ്പും റത്തീന പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, വ്യവസായിയും സിപിഐമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സമര്‍പ്പിച്ച പരാതി കോടതിയില്‍ രേഖയായി എത്തിയതിന് പിന്നാലെയാണ് പലതരം വിവാദങ്ങള്‍ ഉടലെടുത്തത്. 2022ലായിരുന്നു ഷര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷര്‍ഷാദിന്റെ കത്ത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്നാണ് ഷര്‍ഷാദിന്റെ ആരോപണം.

രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയും ഷര്‍ഷാദിന്റെ ആരോപണങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണ് കരുതുന്നത്.

റത്തീന പി ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'ചെന്നൈയിലെ വ്യവസായി', ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കത്ത് നാടകത്തിലെ എന്റെ റോളിനെ കുറിച്ച് കുറെയധികം ആഖ്യാനങ്ങള്‍ ഉണ്ടായ സാഹചര്യത്തിലും, ഈ കാണുന്ന വര്‍ത്തകളൊക്കെയും ഞാനും ഈ ' വ്യവസായിയും 'തമ്മിലുള്ള കുടുംബ വഴക്കും വ്യക്തി വൈരാഗ്യവുമായി ബന്ധപെട്ടു കിടക്കുന്നവയായതുകൊണ്ടും കൂടിയാണ് ഈ പോസ്റ്റ്. എന്നെ നാറ്റിക്കും , സരിതയെയും സ്വപ്നയേയും പോലെ എന്നെയും ബാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ ഭീഷണികള്‍ എനിക്ക് നിരന്തരം കിട്ടാറുണ്ട്. വോയ്സ് മെസ്സേജുകള്‍ അടക്കം ഞാന്‍ കോടതിയില്‍ കൊടുത്തിട്ടുണ്ട്

ഗാര്‍ഹിക പീഡനത്തില്‍ കോടതി ശിക്ഷിച്ച, പൊലീസ് Non bailable കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രതിയാണ് ഈ 'വ്യവസായി'. നിരന്തരമായ , ശാരീരിക മാനസിക സാമ്പത്തിക പീഡനത്തെ തുടര്‍ന്ന് ഈ പറയുന്ന വ്യക്തിയുമായുള്ള ബന്ധം ഏകദേശം 2020 കാലഘട്ടത്തില്‍ ഞാന്‍ അവസാനിപ്പിച്ചതാണ്. തുടര്‍ന്നും മാനസികമായി ടോര്‍ച്ചര്‍ ചെയ്തു സിനിമ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ 2021 മാര്‍ച്ചില്‍ കോടതി പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ തന്നതിന് ശേഷമാണ് എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അന്ന് തുടങ്ങിയ നിയമ പോരാട്ടങ്ങളില്‍ ഒരിക്കല്‍ പോലും ഇയാള്‍ കോടതിയെ അനുസരിക്കുകയോ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല.

ഇയാള്‍ എന്റെ പിതാവിനെ ഗ്യാരന്റര്‍ ആക്കി ഒരു ലോണ്‍ എടുത്തു. അത് അടക്കാതെ അടച്ചെന്നു പറഞ്ഞു കബളിപ്പിച്ചു. പിന്നീട് ഗ്യാരന്റര്‍ എന്റെ പിതാവായതിനാല്‍ എന്റെ കുടുംബ വീട് ജപ്തി നടപടിയിലേക്കു എത്തി. 2 കോടി 65 ലക്ഷം രൂപ അടക്കണം. ഈ പറയുന്ന വ്യവസായി ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. ഏതൊരാളെ പോലെ ഞാനും കരഞ്ഞു അന്ന് മന്ത്രിയായിരുന്ന

തോമസ് ഐസക് സാറിനെ കണ്ടു. ജപ്തി നടപടികല്‍ തല്ക്കാലം നിര്‍ത്തി എനിക്ക് കുറച്ചു സമയം സാവകാശം വാങ്ങി തന്നു. പക്ഷെ വ്യവസായി അടച്ചില്ല. സമ്മര്‍ദത്തില്‍ ആയെന്നു കണ്ടപ്പോള്‍ എനിക്കെതിരെ അവിഹിത ബന്ധം ആരോപിച്ചു.

ഞാന്‍ ലോണ്‍ അടക്കാന്‍ ഓടി നടക്കുമ്പോള്‍ അയാള്‍ ആ സമയം എന്റെ സിനിമ പൊളിക്കാനും അവിഹിത കഥകള്‍ ഉണ്ടാക്കാനും നടന്നു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോള്‍ ആ ബാങ്കിനെതിരെ ഇയാള്‍ പരാതി കൊടുത്തു. ഈ പണം എന്റെ സ്വര്‍ണവും സ്ഥലവും വിറ്റും എന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഉണ്ടാക്കിയതുമാണ്. എന്റെ അക്കൗണ്ട് പരിശോധിച്ചാല്‍ അറിയാമല്ലോ.

കോടതിയില്‍ നില നിന്നിരുന്ന ഡൊമസ്റ്റിക് വയലന്‍സ് കേസില്‍ ഇയാള്‍ ക്രോസിന് ഹാജരായില്ല. കേസ് പിന്‍വലിച് പറയുന്നത് അനുസരിച്ചില്ലേല്‍ വര്‍ഗീയ കലാപം ഉണ്ടാക്കും അതോടെ നാട്ടുകാര്‍ എന്നെ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തി.

കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വിധി വരുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അയാള്‍ ഒരു യൂട്യൂബ് ചാനലിന് ഇന്റര്‍വ്യൂ കൊടുത്തു. മമ്മൂക്കയെ അവഹേളിച്ചു. പക്ഷെ ബോധമുള്ള മലയാളികള്‍ അത് പുച്ഛിച്ചു തള്ളി, മീഡിയ ഏറ്റെടുത്തില്ല. ഇയാള്‍ എത്രത്തോളം ക്രൂരനാണ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടു. 2024 നവംബര്‍ 29 ന് എനിക്ക് അനുകൂലമായി വിധി വന്നു.

എനിക്കെതിരെയോ ബന്ധുക്കള്‍ക്കോ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് എതിരെയോ നേരിട്ടോ സോഷ്യല്‍ മീഡിയ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഒരു തരത്തിലും മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചു. അത് ഉറപ്പു വരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ എനിക്ക് 2 കോടി 20 ലക്ഷം രൂപയും ആറു മാസത്തിനകം തിരിച്ചു തരാന്‍ ഉത്തരവാക്കി.

എന്നാല്‍ ഇത് വരെ അയാള്‍ ഇതൊന്നും പാലിച്ചിട്ടില്ല. കൂടാതെ കുടുംബ കോടതിയില്‍ ഞാന്‍ കൊടുത്ത ഡിവോഴ്‌സ് കേസ് 2024 നവംബറില്‍ ഡിവോഴ്‌സ് അനുവദിച്ചു വിധി വന്നു. അതിനോടൊപ്പം തന്നെ കോടതി എനിക്ക് കുട്ടികളുടെ സമ്പൂര്‍ണ കസ്റ്റഡിയും അനുവദിച്ചു തന്നു. ആ കുഞ്ഞുങ്ങള്‍ക്കു അവകാശപ്പെട്ട ജീവനാംശം പോലും കൊടുക്കാത്തയാളാണ് ഈ 'വ്യവസായി'. കുഞ്ഞുങ്ങളുടെ ഐഡി കാര്‍ഡുകള്‍ പാസ്‌പോര്‍ട്ട് എല്ലാം തിരിച്ചു തരാന്‍ കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും അയാള്‍ തന്നിട്ടില്ല.

പക്ഷെ ഇന്നിതുവരെ ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല എന്നെയും കുടുബത്തെയും സുഹൃത്തുക്കളെയും ഇയാള്‍ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ എന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊക്കെയും തെളിവുകളായുണ്ട്. ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എന്നെ നാട്ടുകാര്‍ക്കിടയില്‍ ഇട്ട് കൊടുത്തു ദ്രോഹിക്കാന്‍ ആവണം. ആദ്യം സിനിമ വച്ച് ഒരു ട്രയല്‍ നോക്കി ഏറ്റില്ല , അപ്പോള്‍ ആരോ ഉപദേശിച്ച ബുദ്ധിയാവണം പാര്‍ട്ടിയെ കുറിച്ച് പറഞ്ഞാല്‍ മീഡിയ വീട്ട് പടിക്കല്‍ വരുമെന്ന്. ഏതായാലും ഞാന്‍ കഴിഞ്ഞ തവണകൊടുത്ത ഒരു കേസില്‍ ഇയാള്‍ക്കെതിരെ FIR ഇട്ടിരുന്നു. Non bailable ഒഫന്‍സ് ആണ്. ആ കേസില്‍ അയാള്‍ ഹാജരായിട്ടില്ല.

വിവാഹമോചനം ചെയ്തിട്ടും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടും എനിക്ക് ഇപ്പോഴും ഇയാളെ കൊണ്ട് ഉപദ്രവമാണ്. 'വ്യവസായി' എന്ന് പറയുന്നത് പോലും നാളെ ഫണ്ട് തട്ടിക്കാനുള്ള മാര്‍ഗം മാത്രമാണ് . എന്താണ് വ്യവസായം ? ആരെങ്കിലും തുടങ്ങുന്ന വ്യവസായത്തില്‍ ജോലിക്കു നിന്ന്, അവരുടെ മാര്‍ക്കറ്റ് മനസ്സിലാക്കി ആരെയെങ്കിലും പറ്റിച് ഫണ്ടുണ്ടാക്കി അതെ വ്യവസായം തുടങ്ങും. ഫണ്ട് തീരുമ്പോ അടുത്ത കമ്പനിയില്‍ പോകും. ആവര്‍ത്തിക്കും. ഇയാള്‍ സാമ്പത്തികമായി എന്ന മാത്രമല്ല പറ്റിച്ചിട്ടുള്ളത്.

ഇയാള്‍ സാമ്പത്തികമായി വലിയ തോതില്‍ പറ്റിച്ച ആളുകള്‍ ചെന്നൈയിലും ദുബായിലും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും ഉണ്ട് .പലരും അത് അറിയിച്ചിട്ടുമുണ്ട്. അവരെ പറ്റിച്ച പോലെ ഇനിയും കള്ള കഥകള്‍ പറഞ്ഞു കൂടുതല്‍ പേരെ പറ്റിക്കും. പറ്റിക്കപ്പെട്ടവര്‍ ആരെങ്കിലും ഇനിയും ഉണ്ടെങ്കില്‍ അവരോടാണ്, ആ പണം പോയതാണ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. നിയമപരമായി മുന്നോട്ട് പോകുക. എനിക്ക് ഒരു കള്ളപ്പണ ഇടപാടുമില്ല. എന്നെ ആരും തട്ടി കൊണ്ട് പോയിട്ടുമില്ല. എനിക്ക് ഗോവിന്ദന്‍ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ല.

ചില പെണ്‍കുട്ടികള്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് ഡിവോഴ്‌സ് ചെയ്താല്‍ പോരെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനാണ് ! ഞാന്‍ ഇയാളുടെ ടോര്‍ച്ചര്‍ സഹിക്ക വയ്യാതെ ഡിവോഴ്‌സ് ചെയ്തതാണ്. പൊരുതി ജീവിക്കുന്നവരെ ഇയാളെ പോലുള്ളവര്‍ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കും. കൊല്ലാക്കൊല ചെയ്യുക എന്ന് കേട്ടിട്ടില്ലേ. ചിലര്‍ തളര്‍ന്ന് ചത്ത് കളയും. ഇപ്പോള്‍ ഞാന്‍ സുരക്ഷിതയല്ല. അടുത്ത കോടതി വിധിക്കായി കാത്തിരിക്കുകയാണ്. കോടതി വിധിച്ച പണം ഉടനടി ഈ വ്യവസായിയില്‍ നിന്ന് കോടതി വാങ്ങി തരുമെന്ന് വിചാരിക്കുന്നു.

എനിക്കും മക്കള്‍ക്കും കോടതി നിര്‍ദ്ദേശിച്ച സംരക്ഷണം ഉറപ്പു വരുത്താന്‍ പോലീസ് തയ്യാറാവണം. എന്നെ വേട്ടയാടി, ഞാന്‍ ആത്ഹമഹത്യ ചെയ്തു നിങ്ങള്‍ക്ക് ദുഃഖം ആചരിക്കാന്‍ അവസരം തരുമെന്ന് കരുതണ്ട. ഞാനും മക്കളും ഇവിടെ ഇങ്ങനൊക്കെ തന്നെ ഉണ്ടാകും.

NB : കമന്റില്‍ കോടതി വിധിയും FIR കോപ്പിയും ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !