ഉദുമ: എട്ട് വർഷം മുൻപ് മരിച്ച പ്രവാസി വ്യവസായിയുടെ വീടിനോടുചേർന്നുള്ള കെട്ടിടത്തിൽ കണ്ടെത്തിയ ആയുധങ്ങൾ പുരാവസ്തു ആകാമെന്ന് പ്രാഥമിക നിഗമനം. അന്തരിച്ച മുഹമ്മദ് കുഞ്ഞിയുടെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയുടെ പിറകിലുള്ള കെട്ടിടത്തിൽനിന്നാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ 18-ന് രാത്രി പോലീസ് നടത്തിയ പരിശോധനയിൽ എട്ട് വാളുകളും മൂന്ന് തോക്കുകളും ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ്, കളക്ടർ എന്നിവർ മുഖാന്തരം റിപ്പോർട്ട് പുരാവസ്തു വകുപ്പിന് നൽകുന്നതോടെ ഇതിന്റെ നിജസ്ഥിതി, കാലപ്പഴക്കം, മൂല്യം, തുടങ്ങിയവ കണ്ടെത്താനുള്ള തുടർനടപടികളുണ്ടാകുമെന്നാണ് ലഭ്യമായ വിവരം. കേന്ദ്ര പുരാവസ്തു വകുപ്പിലെ വിദഗ്ധർ ചൊവ്വാഴ്ച ഇവ പരിശോധിച്ചു. എഎസ്ഐ തൃശ്ശൂർ ആസ്ഥാനത്തെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയകുമാർ എസ്. നായർ, ഗംഗാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.കണ്ടെത്തിയ ആയുധങ്ങളില്‍ ചിലത്രാജഭരണകാലത്തേതെന്ന് തോന്നിപ്പിക്കുന്ന ആയുധങ്ങളായതിനാലാണ് ആദ്യംതന്നെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിനോടുചേർന്നുള്ള പ്രത്യേക കെട്ടിടത്തിൽ ആയുധങ്ങൾ കൂടാതെ പുരാതന സംഗീത ഉപകരണങ്ങൾ, പാത്രങ്ങൾ, ഭരണികൾ, വിവിധതരം കുപ്പികൾ, പഴയകാലത്തെ ഫോൺ, ത്രാസ്, കളിപ്പാട്ടങ്ങൾ, വിദേശനിർമിത ചിത്രങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾ സൂക്ഷിക്കാൻവേണ്ടി നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിലെ ഒരു മുറി തന്നെ രണ്ട് തട്ടാക്കി തിരിച്ചാണ് ഇവ വെച്ചിരുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സിബി തോമസ്, ഇൻസ്പെക്ടർ പി. പ്രമോദ്, ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധകസംഘത്തിന് സഹായവുമായി ഉണ്ടായിരുന്നു.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ പുരാവസ്തു ശേഖരണത്തിൽ കമ്പമുള്ളയാളായിരുന്നു മുഹമ്മദ് കുഞ്ഞിയെന്ന് ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നവർ പറഞ്ഞു. പ്രവാസിയായശേഷം ശേഖരണം വിപുലീകരിക്കുകയായിരുന്നു. 2017-ൽ മുഹമ്മദ് കുഞ്ഞി മരിച്ചതോടെ ശേഖരമുള്ള കെട്ടിടം അടച്ചു. മക്കൾ രണ്ടുപേരും വിദേശത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.