മുംബൈ: റഷ്യയിൽനിന്ന് വീണ്ടും എണ്ണ വാങ്ങി രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. സെപ്റ്റംബർ, ഒക്ടോബർ മാസം ഡെലിവറി നടത്താനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് റഷ്യൻ എണ്ണയ്ക്ക് പുതിയ ഓർഡറുകളുമായി രംഗത്തുവന്നത്. അമേരിക്ക ഇന്ത്യക്കുമേൽ തീരുവ ചുമത്തിയതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് കമ്പനികൾ കുറച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിൽ ചർച്ചനടത്തിയതിനുപിന്നാലെയാണ് ഇന്ത്യൻ കമ്പനികൾ വീണ്ടും റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയിരിക്കുന്നത്. റഷ്യയുടെ എണ്ണവിലയിലെ ഇളവ് കുറഞ്ഞതും ജൂലായിൽ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇന്ത്യൻ കമ്പനികൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോൾ ചൈന കൂടുതലായി വാങ്ങാൻ രംഗത്തുവന്നിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതുതുടർന്നാൽ ഇന്ത്യക്കുമേൽ ഓഗസ്റ്റ് 27 മുതൽ 25 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുനിലനിൽക്കെയാണ് ഇന്ത്യൻ പൊതുമേഖലാക്കമ്പനികൾ കൂടുതൽ എണ്ണ വാങ്ങാൻ രംഗത്തുവന്നിരിക്കുന്നത്. വിപണിയിലെ വിലയും സാഹചര്യവും നോക്കി റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങാൻ സന്നദ്ധമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതിചെയ്യാൻ റഷ്യ സന്നദ്ധതയറിയിച്ചിട്ടുണ്ട്. എണ്ണയുടെ പേരിൽ യുഎസ് വിപണിയിൽ പ്രവേശിക്കാൻ ഇന്ത്യക്ക് തടസ്സങ്ങളുണ്ടെങ്കിൽ റഷ്യയിലേക്ക് കയറ്റുമതി ചെയ്യാമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബാബുഷ്കിൻ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപരോധങ്ങൾ അത് ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്കുതന്നെയാകും തിരിച്ചടിയാകുക. ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എന്നാൽ, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിശ്വസിക്കുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ സഹകരണം തുടരും. ഇതിൽ വിദേശസമ്മർദം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കുമേൽ തീരുവ കൊണ്ടുവന്നതെന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവനയ്ക്കുപിന്നാലെയാണ് റഷ്യയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അതിനിടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരാൻ നടപടിയുണ്ടാകുമെന്ന് ഇന്ത്യയിലെ റഷ്യൻ എംബസിയും ബുധനാഴ്ച വ്യക്തമാക്കി. ഇന്ത്യക്ക് ഊർജോത്പന്നങ്ങൾ വിതരണം ചെയ്യുന്നത് തുടരും. ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നത് തടസ്സം കൂടാതെ തുടരാനുള്ള നടപടികൾ സജ്ജമായതായും റഷ്യൻ എംബസി സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.