കോഴിക്കോട്: ഗുരുതരരോഗങ്ങൾ ബാധിച്ച് ചികിത്സയ്ക്കായി കാരുണ്യം കാത്തുകഴിയുന്ന രോഗികളുടെ വീഡിയോകൾ ചൂഷണംചെയ്ത് തട്ടിപ്പുസംഘങ്ങൾ. ജീവകാരുണ്യപ്രവർത്തകർ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ പണം സ്വീകരിക്കുന്ന ക്യുആർ കോഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും എഡിറ്റ് ചെയ്ത്, പുതിയത് ചേർത്ത് പ്രചരിപ്പിച്ചാണ് സാമൂഹികമാധ്യമങ്ങളിലൂടെ പണം തട്ടുന്നത്
മരിച്ച രോഗികളുടെ വീഡിയോകളടക്കം ഇപ്രകാരം ദുരുപയോഗംചെയ്യുന്നുണ്ട്. ഒറിജിനൽ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകംതന്നെ വ്യാജ ക്യുആർ കോഡ് ചേർത്ത് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നു. പണംകൊടുത്ത് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോകൾ സ്പോൺസേഡ് ചെയ്യുന്നതിനാൽ ഒറിജിനൽ വീഡിയോയെക്കാൾ വേഗത്തിലാണ് വ്യാജവീഡിയോകൾ പ്രചരിക്കുന്നത്. അഞ്ചുലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ട വ്യാജവീഡിയോകളുണ്ടെന്ന് അറിയുമ്പോഴാണ് ഇവയുടെ വ്യാപ്തി ബോധ്യമാകുക.ചികിത്സയ്ക്കാവശ്യമായ പണം കിട്ടിയതിനെത്തുടർന്ന് പിരിവ് നിർത്തി കാലങ്ങളായിട്ടും പല രോഗികളുടെയും വ്യാജ ക്യുആർ കോഡ് ചേർത്ത് വീഡിയോകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കാൻമാത്രമായി ഒട്ടേറെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമുണ്ട്. രാജ്യത്തെ പല ഭാഷകളിലുള്ള, വിവിധ അക്കൗണ്ടുകളിലുള്ള വീഡിയോകൾ പണം സ്വീകരിക്കാനുള്ള ക്യുആർ കോഡ് ചേർത്ത് അവയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ടുവർഷത്തോളമായി ഇത് തുടരുന്നതായി ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
സാധാരണ ബാങ്ക് അക്കൗണ്ടുകൾക്കു പകരം ആധാറും മൊബൈൽനമ്പറും ഉപയോഗിച്ച് എളുപ്പത്തിൽ അക്കൗണ്ട് ഉണ്ടാക്കാവുന്ന പേമെന്റ് ബാങ്കുകളുടെ അക്കൗണ്ടുകളെയാണ് തട്ടിപ്പുകാർ കൂടുതലായും ആശ്രയിക്കുന്നത്. പണം സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, ഹരിയാണ, ഛത്തീസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ പേരിലാണുള്ളത്. ഗ്രാമീണരായ ആളുകളുടെ വിലാസങ്ങളിലാണിവ. ഇത്തരത്തിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്താണ് തട്ടിപ്പ് നടക്കുന്നത്.
നഷ്ടപ്പെട്ട പണത്തിന് കൃത്യമായ കണക്കില്ലാത്തതും വീഡിയോകൾ വീണ്ടും പോസ്റ്റ് ചെയ്യുന്നത് തടയാനാവാത്തതും പ്രതിസന്ധിയാണ്. വീഡിയോകളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം സൈബർ പോലീസിൽ രോഗികളുടെ ബന്ധുക്കളും ജീവകാരുണ്യപ്രവർത്തകരും പരാതിനൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ജീവകാരുണ്യപ്രവർത്തകനായ ഷമീർ കുന്ദമംഗലം ആരോപിച്ചു.
എഫ്‌ഐആർ രജിസ്റ്റർചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
വീഡിയോയുടെ ക്യുആർ കോഡ് മാറ്റി പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം ‘മാതൃഭൂമി’യോടു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.