ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പൊതുതാത്പര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ഒരു വ്യക്തിയുടെ മാര്‍ക്ക് ഷീറ്റുകള്‍, ഫലങ്ങള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, അക്കാദമിക് രേഖകള്‍ എന്നിവ വ്യക്തിഗത വിവരങ്ങളാണ്. ആ വ്യക്തി പൊതു പദവി വഹിക്കുന്നയാളാണെങ്കില്‍ പോലും അത് അങ്ങനെ തന്നെയാണ്. വിവരാവകാശ (ആര്‍ടിഐ) നിയമപ്രകാരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സച്ചിന് ദത്ത പറഞ്ഞു.അതേസമയം ഒരു പൊതു പദവിയിലോ ഏതെങ്കിലും തസ്തികയിലോ ഇരിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാണെങ്കില്‍ അത് മറ്റൊരു കാര്യമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങളും സ്മൃതി ഇറാനി 10, 12 ക്ലാസ് പരീക്ഷകള്‍ പാസായിരുന്നോ എന്ന വിവരങ്ങളും നല്‍കണമെന്ന വിവരാവകാശ ഉത്തരവുകള്‍ റദ്ദാക്കി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.വിദ്യാഭ്യാസ താത്പര്യങ്ങള്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുക എന്ന താത്പര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 'സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് വിവരാവകാശ നിയമം നടപ്പിലാക്കിയത്, അല്ലാതെ കോലാഹലങ്ങള്‍ക്ക് വക നല്‍കാനല്ല' കോടതി വ്യക്തമാക്കി.
ഒരു സര്‍വ്വകലാശാലയ്ക്ക് അതിലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
സര്‍വ്വകലാശാല ഫലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കേണ്ടതെന്നും, പൊതുജനങ്ങള്ക്കല്ലെന്നും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും കോടതി പറഞ്ഞു. മാര്‍ക്കുകളോ ഗ്രേഡുകളോ ഏതെങ്കിലും മൂന്നാം കക്ഷിക്ക് വെളിപ്പെടുത്താന്‍ ഈ ചട്ടക്കൂട് അനുവദിക്കുന്നില്ല. 'വിദ്യാര്‍ത്ഥികളുടെ അക്കാദമിക് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിശ്വാസ്യതയുടെയും രഹസ്യസ്വഭാവത്തിന്റെയും അന്തര്‍ലീനമായ ഒരു കടമയുണ്ട്' കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.