ജയ്പുർ ∙ ഗൂഗിൾ മാപ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിൽ വീണു 4 മരണം. മരിച്ചവരിൽ 2 പേർ കുട്ടികളാണ്. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. 9 യാത്രക്കാരിൽ 5 പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പൊലീസ് രക്ഷിച്ചു.
‘‘ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് കയറുകയായിരുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ പാലത്തിൽ നിന്ന് ഒലിച്ചുപോയി’’– പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവർ പൊലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി പാലം അടഞ്ഞു കിടക്കുന്നതിനാൽ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് രശ്മി സ്റ്റേഷൻ ഹൗസ് ഓഫിസർ ദേവേന്ദ്ര ദേവാൽ മാധ്യമങ്ങളോട് പറഞ്ഞു. ഗൂഗിൾ മാപ്പിനെ പൂർണമായി ആശ്രയിക്കുന്നതിലുള്ള ആശങ്കകൾ സൈബർ വിദഗ്ധർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഗൂഗിൾ മാപ്പിനെ കണ്ണടച്ച് വിശ്വസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധർ പറയുന്നു. പുതിയ റോഡുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിലോ, കനത്ത മഴ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവ കാരണം വഴികൾ അടച്ചിട്ടാലോ മാപ്പ് തെറ്റായ വഴി കാണിക്കാമെന്നും അവർ വിശദീകരിച്ചു. ഗൂഗിൾ മാപ്പ് ജിപിഎസ് സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ, ചില പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതും തെറ്റായ നിർദ്ദേശങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധൻ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.