പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇനിയും തെളിവുകൾ പുറത്തുവരുമെന്ന് സിപിഎം നേതാവ് പി. സരിൻ. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും ശേഷവും ഷാഫി പറമ്പിലിന് എത്ര പരാതികൾ കിട്ടി എന്ന് വ്യക്തമാക്കണം. രാഹുൽ മാങ്കൂട്ടത്തിൽ മാത്രം വിചാരണ ഒതുങ്ങാതെ ഷാഫി പറമ്പിലിലേക്കും പ്രതിപക്ഷ നേതാവിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു
കർണാടകയിലെ കോൺഗ്രസ് വളരെ കേമമാണെന്നാണ് പറച്ചിൽ. പ്രജ്വൽ രേവണ്ണ എംപിയെ കൃത്യമായ തെളിവുകളോടെ ജയിലിലടച്ചു. ഇപ്പോഴും ജാമ്യം അനുവദിക്കപ്പെടാതെ ജയിലിൽ തുടരുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസിന് വേറൊരു ന്യായമാണ്. കേരളത്തിൽ കോൺഗ്രസ് എന്നൊരു സാധനം ഇല്ലെന്ന് പി. സരിൻ പറഞ്ഞു. കേരളത്തിലെ പ്രജ്വൽ രേവണ്ണ ആരാണെന്ന് പൊതുസമൂഹത്തിന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കളുടെ പ്രവർത്തനത്തിൽ ഒരുതെറ്റുമില്ലെന്ന് സ്വയം വിശ്വസിച്ച് അതിനെ മഹത്വവത്കരിക്കുന്ന ഒരു കൂട്ടമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കൊണ്ടുനടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ' എന്ന് പറയാനാണ് തോന്നുന്നത്. എന്തിനു വേണ്ടിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. ആ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടായത്. സ്ഥാനാർഥിത്വ ചർച്ചകളെ സംബന്ധിച്ച് കൃത്യം പത്ത് മാസങ്ങൾക്ക് മുമ്പേ ഞാൻ ഞാൻ ജനങ്ങളിലേക്ക് എത്തിച്ച സന്ദേശമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരിൽ പലരും എന്നെ വിളിച്ച് പാർട്ടിയെ ചതിച്ചു എന്ന് പറഞ്ഞു അന്ന് ചീത്ത വിളിച്ചിരുന്നു. എന്നാൽ, ഇന്ന് പലരും വിളിച്ചപ്പോൾ പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബലിയാടായ മനുഷ്യൻ എന്ന നിലയ്ക്കാണ് എന്നെ കാണുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഫോൺ വിളിച്ച് കരഞ്ഞവരുണ്ട്. പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞ് സന്ദേശം അയച്ചവരുണ്ട്. കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളായിരുന്നു ശരി എന്ന് കാലം വിധിയെഴുതുമായിരുന്നില്ലേ എന്ന് വികാരത്തിന്റെ പുറത്ത് പറഞ്ഞവരുണ്ട്. ഇത്തരത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ ഇനിയും മൗനം നടിച്ചാൽ കേരളത്തിൽ ഒരുപാട് അപകടങ്ങളുണ്ടാകും
പാലക്കാട്ട് രാഹുലിനെ സ്ഥാനാർഥിത്വത്തിന് പരിഗണിക്കേണ്ട എന്ന് പറഞ്ഞത് എന്തിനാണെന്നും പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഒറ്റയാൾ പോരാട്ടമായി മാറി. ഞാൻ അതിന്റെ ഒരു ഇരയായി മാറി. ഇനിയും ഒരുപാട് കേസുകൾ രാഹുലിനെതിരേ വരും. കൂട്ടുനിന്ന ആളുകൾ പൊതുസമൂഹത്തിൽ വിചാരണ ചെയ്യപ്പെടാതെപോകാനുള്ള സാധ്യതയെ മുൻനിർത്തിയാണ് ഞാൻ ഇപ്പോൾ മാധ്യമങ്ങളെ കണ്ടത്. വിചാരണയ്ക്ക് വിധേയനാകേണ്ടയാളെ കേരളത്തിലെ ജനങ്ങൾ കണ്ടെത്തി. എന്നാൽ, കാണാമറയത്തിരിക്കുന്ന ചില മാന്യദേഹങ്ങളെ ഇനി തുറന്നുകാണിക്കേണ്ടതുണ്ട്', സരിൻ പറഞ്ഞു.നേരത്തെതന്നെ ഇത്തരം കാര്യങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പ്രിഡേറ്ററെ പോലെ പെരുമാറുന്നതിനെക്കുറിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് പരാതി ലഭിച്ചിരുന്നോ? രാഹുലിന്റെ ഈ അസാമാന്യ പെർഫോമൻസ് ഷാഫിക്ക് മുമ്പേ അറിയാമായിരുന്നോ? രാഹുലിൽ എന്ത് സൂപ്പർ നാച്വറൽ എലമെന്റ് ആണ് ഷാഫി കണ്ടത് എന്ന് വ്യക്തമാക്കണമെന്നും പി. സരിൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഹുലിനെ രക്ഷിക്കാൻ ഷാഫി വഴിവിട്ട ഇടപെടൽ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ വരുംദിവസങ്ങളിൽ അത് പുറത്തുവരുമെന്നും സരിൻ കൂട്ടിച്ചേർത്തു.
എല്ലാം പുറത്തേക്കുവരും. ഇനി കാണാനിരിക്കുന്ന എപ്പിസോഡുകൾ ജെഎൻയു കാലഘട്ടം മുതലിങ്ങോട്ട് പരിശോധിക്കപ്പെടേണ്ടിവരും. കേരളത്തിലെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ, യൂത്ത് കോൺഗ്രസ് വനിതാപ്രവർത്തകർ തുടങ്ങിയവർ പരാതിപ്പെട്ടിട്ട് ആ പരാതികൾക്ക് എന്ത് സംഭവിച്ചു? ഒരാളൊന്നുമല്ല കളിക്കളത്തിൽ ഉള്ളത്. കഥകളിങ്ങനെ ഇനിയും വരും. പല വിഗ്രഹങ്ങളും വീണുടഞ്ഞു പോകും. ദയവുചെയ്ത് ഇയാളിൽ മാത്രം ഒതുങ്ങരുതെന്നും മറ്റുള്ള പ്രിഡേറ്റർമാർ രക്ഷപ്പെട്ടുപോകുമെന്നും പി. സരിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.