ആലപ്പുഴ :മൗനവും കൂസലില്ലായ്മയും കൊണ്ട് സെബാസ്റ്റ്യന്റെ പ്രതിരോധം ആലപ്പുഴ ∙ ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്കു ഇന്നലെയും മൗനം.
ബിന്ദു പത്മനാഭൻ, ജെയ്നമ്മ, ഐഷ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ ഈ കൂസലില്ലായ്മ വർഷങ്ങളായി പൊലീസിനെ വലയ്ക്കുകയാണ്. ബിന്ദു പത്മനാഭൻ തിരോധാന കേസിന്റെ അന്വേഷണത്തിലും ഇതു തന്നെയായിരുന്നു സെബാസ്റ്റ്യന്റെ പ്രകൃതം.മറ്റു സൂചനകളാണ് അന്വേഷണത്തെ മുന്നോട്ടു നയിച്ചത്. സെബാസ്റ്റ്യനെ സംശയിക്കാവുന്ന പല വസ്തുക്കളും വിവരങ്ങളും പൊലീസിനു കിട്ടിയെങ്കിലും തുടർന്നുള്ള ചോദ്യങ്ങൾക്കൊന്നും അയാൾ വഴങ്ങിയിട്ടില്ല.ഈ സംഭവങ്ങൾക്കു പിന്നിൽ സെബാസ്റ്റ്യനാണെന്നു ഞങ്ങൾക്കു നൂറുശതമാനം ഉറപ്പുണ്ട്. പക്ഷേ, തെളിവില്ലാതെ എന്തു ചെയ്യാൻ? അയാളുടെ പ്രായവും ആരോഗ്യവും നോക്കിയാൽ ശരിക്കൊന്നു ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ല.
കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ കാണാതായവരുടേതാണെന്നു തെളിഞ്ഞാലേ അന്വേഷണം മുന്നോട്ടു പോകൂ’ – സെബാസ്റ്റ്യനെതിരായ കേസുകൾ അന്വേഷിക്കുന്ന പല ഉദ്യോഗസ്ഥരും പറയുന്നത് ഇതേ കാര്യം തന്നെ. പൊലീസിനോട് ഒന്നും മിണ്ടാത്ത സെബാസ്റ്റ്യൻ കാണാതായവരുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ പലതും ചെയ്തു എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളുമായി പരിചയമുണ്ടായിരുന്നവരാണു കാണാതായ ജെയ്നമ്മയും ബിന്ദു പത്മനാഭനും ഐഷയും. ബിന്ദുവിനെ കാണാതായ ശേഷം സഹോദരൻ അന്വേഷിച്ചപ്പോൾ ബിന്ദു തന്നെ ഫോണിൽ വിളിക്കുന്നുണ്ടെന്നാണു സെബാസ്റ്റ്യൻ പറഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം തന്റെ പേരിൽ വ്യാജ മുക്ത്യാർ ഉണ്ടാക്കി വിറ്റെന്നു തെളിഞ്ഞപ്പോഴാണു സെബാസ്റ്റ്യൻ ആദ്യം അറസ്റ്റിലായത്. പക്ഷേ, ബിന്ദുവിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്കൊന്നും സെബാസ്റ്റ്യൻ ഒരു സൂചന പോലും നൽകിയിട്ടില്ല.
ജെയ്നമ്മയെ കാണാതായ ശേഷം അവരുടെ ഫോണിൽനിന്നു ബന്ധുക്കൾക്കു വിളിയെത്തിയിരുന്നു. പക്ഷേ, മറുതലയ്ക്കൽനിന്നു പ്രതികരണമൊന്നുമില്ല. ജെയ്നമ്മയുടെ ഫോൺ ഇയാൾ റീചാർജ് ചെയ്തെന്നും പൊലീസ് കണ്ടെത്തി. ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ ഇയാൾ പണയം വയ്ക്കുകയും പിന്നീടു വിൽക്കുകയും ചെയ്തെന്നു കണ്ടെത്തിയിട്ടും തുടർന്നുള്ള ചോദ്യങ്ങളെ സെബാസ്റ്റ്യൻ മൗനംകൊണ്ടു നേരിട്ടു.
ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും സെബാസ്റ്റ്യൻ വീടിനുള്ളിൽ മിണ്ടാതിരുന്നു. സംശയത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണു വീടിനുള്ളിൽ രക്തക്കറയും പറമ്പിൽ നിന്ന് അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.