ന്യൂഡല്‍ഹി: മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ധാര്‍മിക നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
2013 ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രയോജനകരമാകുന്ന വിധത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിച്ചുകീറിയ രാഹുല്‍ പുതിയ ബില്ലിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ഷാ ചോദിച്ചു. ഭരണഘടനാ പദവികളിലിരിക്കുന്ന ആര്‍ക്കെങ്കിലും ജയിലില്‍ നിന്ന് ഭരണം നടത്താന്‍ അനുവാദം നല്‍കുന്നത് ന്യായമാണോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ലാലുജിയെ സംരക്ഷിക്കാന്‍ മന്മോഹന് സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് എന്തിനാണ് രാഹുല്‍ജി കീറിയെറിഞ്ഞത്? അന്നുണ്ടായിരുന്ന ധാര്‍മികതയ്ക്ക് ഇപ്പോള്‍ എന്തുസംഭവിച്ചു? തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതുകൊണ്ടാണോ? ധാര്‍മികതയുടെ നിലവാരം തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളുമായി ബന്ധപ്പെട്ടതാകരുത്.
അത് സൂര്യചന്ദ്രന്മാരെ പോലെ സ്ഥിരമായിരിക്കണം,' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടതിന് ശേഷം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ കുറിച്ചായിരുന്നു ഷായുടെ പരാമര്‍ശം. ശിക്ഷിക്കപ്പെട്ട എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് റദ്ദാക്കുന്ന ഈ ഓര്‍ഡിനന്‍സ് പിന്നീട് പിന്‍വലിച്ചിരുന്നു.തുടര്‍ച്ചയായി 30 ദിവസം തടവില്‍ കഴിയുന്ന പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മറ്റേതെങ്കിലും മന്ത്രിയെയോ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന (130-ാം ഭേദഗതി) ബില്ലിനെ കുറിച്ച് ഷാ സംസാരിച്ചു. ഭരണഘടനാ പദവികളിലിരിക്കുന്ന ആര്‍ക്കെങ്കിലും ജയിലില്‍ നിന്ന് ഭരണം നടത്താന്‍ അനുവാദം നല്‍കുന്നത് ന്യായമാണോ എന്നും അദ്ദേഹം ചോദിച്ചു.
'ഇന്ന് രാജ്യത്ത് എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ എണ്ണമാണ് കൂടുതല്‍. പ്രധാനമന്ത്രിയും എന്‍ഡിഎയില്‍ നിന്നുള്ളയാളാണ്. അതിനാല്‍ ഈ ബില്‍ പ്രതിപക്ഷത്തിന് വേണ്ടി മാത്രമല്ല. 30 ദിവസത്തേക്ക് ജാമ്യത്തിന് വ്യവസ്ഥയുണ്ട്. ഇതൊരു വ്യാജ കേസാണെങ്കില്‍, രാജ്യത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ണടച്ചിരിക്കുകയല്ല. ഏത് കേസിലും ജാമ്യം നല്കാന് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും അവകാശമുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ പദവി ഒഴിയേണ്ടിവരും, ഷാ പറഞ്ഞു.
രാജ്യത്തെ പ്രധാനമന്ത്രിയോ ഒരു മുഖ്യമന്ത്രിയോ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.2005 ല്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ വിളിപ്പിച്ചതിന്റെ അടുത്തദിവസംതന്നെ താന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിപദം രാജിവച്ച കാര്യവും ഷാ ഓര്‍മ്മിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു ഭരണഘടനാപദവിയും വഹിച്ചിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ പ്രതിപക്ഷം ജയിലില്‍ നിന്ന് ഭരണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബില്‍, 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ (ഭേദഗതി) ബില്‍, 2025, ജമ്മു കശ്മീര്‍ വിഭജിച്ചുകൊണ്ടുള്ള 2019 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ എന്നിവ അമിത് ഷാ അവതരിപ്പിച്ചു. മൂന്ന് ബില്ലുകളും പാര്‍ലമെന്റിന്റെ സംയുക്തസമിതിയുടെ പരിശോധനയ്ക്ക് വിട്ടു.
തുടര്‍ച്ചയായി 30 ദിവസം തടവിലാക്കപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിയെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന (130-ാം ഭേദഗതി) ബില്‍ പ്രകാരം, അറസ്റ്റിലായ നേതാവ് രാജിവച്ചില്ലെങ്കില്‍ 31-ാം ദിവസം പദവിയില്‍നിന്ന് നീക്കപ്പെടും. മോചിതനായ ശേഷം വീണ്ടും നിയമിക്കപ്പെടാനും ബില്‍ അനുവദിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.