കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി.
ബുര്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ജിബന്‍ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്.ബംഗാളിലെ സ്കൂള്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്.ജിബന്‍ കൃഷ്ണ സാഹയുടെ മുര്‍ഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
ഇഡി റെയ്ഡിന് എത്തിയതറിഞ്ഞ ജിബന്‍ കൃഷ്ണ സാഹ വീട്ടുവളപ്പില്‍ നിന്ന് മതില് ചാടിക്കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടി. വീട്ടുവളപ്പിന് സമീപമുള്ള വയലില്‍ നിന്നാണ് ജിബന്‍ കൃഷ്ണസാഹയെ പിടികൂടിയത്. വയലിലെ ചെളിയില്‍ പുതഞ്ഞ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇയാളെ പിടികൂടിയത്.
ഓടിരക്ഷപ്പെടുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് ഇയാള്‍ എറിഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഈ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ജിബന്‍ കൃഷ്ണ സാഹയുടെ ഭാര്യയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. 2023 ഏപ്രിലില്‍ ഇതേ വിഷയത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിബന്‍ കൃഷ്ണ സാഹ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മേയില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി.റിക്രൂട്ട്മെന്റ് ക്രമക്കേടിലെ ക്രിമിനല്‍ കേസുകളാണ് സിബിഐ കൈകാര്യം ചെയ്യുന്നത്. കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ വിഷയങ്ങളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. ജിബന്‍ കൃഷ്ണ സാഹയെ കൊല്ക്കത്തിയിലെത്തിച്ച് ഇഡി കോടതിയില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.