തിരുവനന്തപുരം :യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടെങ്കിലും അത് അന്തിമ തീരുമാനമല്ല; സ്ഥിതി വീണ്ടും വഷളാകാനുള്ള സാധ്യത നേതൃത്വം കാണുന്നു.
അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാർട്ടി ആലോചിക്കും. രാഹുലിന്റേതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ചാറ്റുകളും സംഭാഷണങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്.അവസരങ്ങൾ നൽകിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് അവർ. ചാറ്റുകളിലെ രാഹുലിന്റെ പ്രതികരണങ്ങൾ സ്ത്രീകളുടെ അന്തസ്സിനെത്തന്നെ ഇടിച്ചു താഴ്ത്തുന്നതാണെന്നും അങ്ങനെയൊരാൾ നിയമസഭാകക്ഷിയുടെ ഭാഗമായി തുടരാൻ അനുവദിക്കരുതെന്നുമുള്ള സമ്മർദം നേതൃത്വത്തിനുമേലുണ്ട്.
നിയമസഭാ സമ്മേളനം അടുത്ത മാസം 15ന് ആരംഭിക്കുകയുമാണ്. നടൻ കൂടിയായ എൽഡിഎഫിന്റെ എംഎൽഎ മുകേഷിനെതിരെ കുറ്റപത്രം നൽകിയിട്ടും രാജിവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ രാജി ആവശ്യം കോൺഗ്രസ് നിരാകരിച്ചിരിക്കുന്നത്. കോൺഗ്രസ് എംഎൽഎമാരായ എം.വിൻസന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെയും കേസുകളുണ്ടായിട്ടും അവർ തുടരുന്നതും രാഹുലിന് അനുകൂലമാണ്.
ദുരനുഭവങ്ങൾ പുറത്തുപറഞ്ഞ ആരും രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുമില്ല. എന്നാൽ, ഈ 3 പേർക്കെതിരെ ഉണ്ടായ പരാതികളും രാഹുലിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന പരാതി പരമ്പരകളും ഒരേ തട്ടിൽ കോൺഗ്രസ് കാണുമോ എന്നതാകും നിർണായകം. വരുംദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുകയും അതു നിയമനടപടികളിലേക്കു കടക്കുകയും ചെയ്താൽ രാഹുലിന് പാർട്ടിയുടെ സംരക്ഷണം കിട്ടണമെന്നില്ല.പാർട്ടിതല അന്വേഷണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചർച്ചകൾ നടക്കുകയാണ്. കെപിസിസിക്ക് ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. എന്നാൽ ആ സാങ്കേതികത്വം പറഞ്ഞ് അന്വേഷണം വേണ്ടെന്നു തീരുമാനിച്ചിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.