ടോക്കിയോ : തത്സുകിയുടെ പ്രവചനം മറക്കാൻ വരട്ടെ! ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 5.23നാണ് സംഭവം.
അഗ്നിപർവതത്തിൽനിന്ന് കറുത്ത പുകയും ചാരവും 3000 മീറ്റർ ഉയരത്തിൽവരെ എത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിലെ ക്യൂഷു ദ്വീപിലെ കിരിഷിമ പർവതനിരകളിലാണ് ഷിൻമോഡേക്ക് സ്ഥിതി ചെയ്യുന്നത്.കഗോഷിമ, മിയാസാക്കി എന്നീ നഗരങ്ങളുടെ അതിർത്തിയിലാണിത്. ജൂൺ 27 മുതൽ ഇടയ്ക്കിടയ്ക്ക് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായിരുന്നെങ്കിലും ഇന്നു പുലർച്ചെ ഉണ്ടായത് വലിയതോതിലാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഗ്നിപർവതത്തിന് 14 കി.മീ. ചുറ്റളവിൽ ചെറിയ പാറക്കഷണങ്ങൾ വീണേക്കാമെന്ന് ജപ്പാൻ മിറ്റീരിയോളജിക്കൽ ഏജൻസി (ജെഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 22നാണ് ഒരിടവേളയ്ക്കുശേഷം ആദ്യമായി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. 2018ലായിരുന്നു ഇതിനു മുൻപ് പൊട്ടിത്തെറിയുണ്ടായത്.
ഏകദേശം 1,420 മീറ്ററാണ് (4,659 അടി) അഗ്നിപർവതത്തിന്റെ ഉയരം. ഏകദേശം 7300–25,000 വർഷങ്ങൾക്കു മുൻപാണ് ഈ അഗ്നിപർവതം രൂപംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1716ലാണ് ആദ്യമായിഈ അഗ്നിപർവതത്തിൽ ഒരു പൊട്ടിത്തെറിയുണ്ടായതെന്നാണ് രേഖകൾ. അതിനുശേഷം 1717, 1771, 1822, 1959, 1991, 2008, 2009, 2011, 2017, 2018 എന്നീ വർഷങ്ങളിലും പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.
തത്സുകിയുടെ പ്രവചനമോ?ജൂലൈ അഞ്ചിനു പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും കരുതുന്നതിലും വലിയ നാശനഷ്ടങ്ങൾ സൂനാമിയിൽ സംഭവിക്കുമെന്നുമായിരുന്നു മാംഗ ആർടിസ്റ്റ് റയോ തത്സുകി പ്രവചിച്ചിരുന്നത്. സ്വപ്നത്തിൽ തനിക്കുണ്ടായ അപകടമുന്നറിയിപ്പാണ് അവർ പങ്കുവച്ചത്.
തത്സുകിയുടെ പ്രവചനങ്ങൾ മുൻപു കൃത്യമായി ഫലിച്ചിരുന്നതോടെ ജനം ഭയപ്പാടിലായിരുന്നു. എന്നാൽ ജൂലൈ 5ന് അപകടമൊന്നും സംഭവിച്ചില്ല. തത്സുകിയുടെ പ്രവചനം മറന്നുതുടങ്ങിയപ്പോൾ ജൂലൈ 30ന് റഷ്യയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ജപ്പാന്റെ തീരത്തേക്ക് സൂനാമിയെത്തിയിരുന്നു. അതുകൊണ്ടുതന്നെ തത്സുകിയുടെ പ്രവചനങ്ങൾ അത്രകണ്ട് തള്ളിക്കളയേണ്ടെന്ന അഭിപ്രായം ജപ്പാനിലെ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.