ഉത്തരകാശി : മേഘസ്ഫോടനവും മിന്നൽപ്രളയവും തകർത്ത ഉത്തരകാശിയിലെ ധരാലി ഗ്രാമവാസികൾക്ക് സർക്കാർ ധനസഹായമായി നൽകുന്ന 5000 രൂപയുടെ ചെക്കിനെതിരെ പ്രതിഷേധം. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ധനസഹായം അപര്യാപ്തമാണെന്നു നാട്ടുകാർ പറയുന്നു.
ധരാലിയിലും ഹർഷിലിലും ദുരന്തബാധിതർക്ക് അടിയന്തര ആശ്വാസം എന്ന നിലയിലാണ് ധനസഹായം നൽകിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തങ്ങളുടെ നഷ്ടത്തെ കുറച്ചുകാണിക്കാനുള്ള മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. വീട് പൂർണമായി നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.പലരും ചെക്ക് സ്വീകരിക്കാൻ തന്നെ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. അനുഭവിച്ച കഷ്ടപ്പാടുകളെ അപമാനിക്കുന്നതാണ് 5000ന്റെ ചെക്ക് എന്നും ഇവർ പറയുന്നു. മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ദുരന്തമുണ്ടായി നാലുദിവസങ്ങൾക്കുശേഷമാണ് മെഴുകുതിരിപോലും എത്തിച്ചത്.
ഇരുട്ടിന്റെ ഭീതിയിലാണ് രാത്രിമുഴുവൻ പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞത്. റേഷൻ നൽകുമെന്ന് സർക്കാർ പറഞ്ഞെങ്കിലും അത് എത്തിയില്ലെന്നും ഗ്രാമീണർ പറയുന്നു. അതിനിടെ. പ്രധാനപ്പെട്ട ലിംചിഗഡ് പാലം ദുരന്തത്തിൽ ഒലിച്ചുപോയിരുന്നു. പകരം ഇവിടെ 90 അടി നീളത്തിൽ ബെയ്‌ലി പാലം പണിതു. ഇന്നലെ മാത്രം 33 ഹെലിക്കോപ്റ്ററുകളിലായി 195 പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.അപകടം ഉണ്ടായി ആറാം ദിനമായ ഞായറാഴ്ചയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 1,000ൽ അധികംപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹർഷിലിലെ കണക്ടിവിറ്റി ഇന്നലെ ശരിയാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഭക്ഷണവും മറ്റുമടങ്ങിയ അടിയന്തര സഹായ പായ്ക്കറ്റുകൾ ഹെലിക്കോപ്റ്ററുകൾ വഴി എത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), ഡോഗ് സ്ക്വാഡ് തുടങ്ങിയവർ ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.