സന : യെമൻ തീരത്ത് 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കാണാതായതായാണ് വിവരം.
അപകടത്തിൽപ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതിൽ 9 പേർ ഇത്യോപ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്. നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നും രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.154 കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പൽ ഞായറാഴ്ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിൽ നിന്ന് ഏദൻ ഉൾക്കടലിൽ മുങ്ങിയതായി യെമനിലെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) മേധാവി അബ്ദുസത്തർ എസോയേവ് വാർത്താ ഏജൻസിയോട് പറഞ്ഞു.ആഫ്രിക്കൻ മുനമ്പിനും യെമനിനും ഇടയിലുള്ള കടൽ പാതയുടെ അപകടങ്ങളെക്കുറിച്ച് ഐഒഎം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് അപകടം. ഇത്യോപ്യയിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള കുടിയേറ്റക്കാർ പ്രധാനമായും ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലോ എത്താനുള്ള പ്രതീക്ഷയോടെ പതിവായി ഇതുവഴി യാത്ര നടത്താറുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതകളിൽ ഒന്നാണിത്. 2024 ൽ യെമനിലേക്ക് കടക്കാൻ അറുപതിനായിരത്തിലധികം കുടിയേറ്റക്കാർ ഈ വഴി തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. 2023 ൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 97,200 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.