കൊല്ലം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം വഴി ക്രൈസ്തവ വിശ്വാസികളും ഹിന്ദുത്വവാദികളും പാർട്ടിയിൽനിന്ന് അകന്നതായി ബിജെപി വിലയിരുത്തൽ. ക്രൈസ്തവ സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനായി അരമനകളിൽ സന്ദർശനം നടത്താൻ ബിജെപി തീരുമാനിച്ചു.
കഴിഞ്ഞദിവസം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ, പാർട്ടിയിലെ ക്രൈസ്തവ നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമെടുത്തത്.ക്രൈസ്തവ നേതാക്കളെ മാത്രം അരമനകളിലേക്ക് അയയ്ക്കാനാണ് പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനാണ് ചുമതല.ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജും വിവിധ മതമേലധ്യക്ഷന്മാരെ കാണും. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാൻ നടത്തിയ നീക്കങ്ങൾ സഭാ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് ഒരു മണിക്കൂർ അരമനകളിൽ ചെലവഴിക്കാനും പറഞ്ഞിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഢ് സംഭവത്തിൽ വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ ബിജെപി സംസ്ഥാന നേതൃത്വത്തിനുമേൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. വിഎച്ച്പി ദേശീയ നേതാക്കൾതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ ചൊവ്വാഴ്ച രംഗത്തെത്തി. കന്യാസ്ത്രീകൾക്കൊപ്പം പിടിയിലായ പെൺകുട്ടികളുടെ മൊഴിമാറ്റത്തിൽ ഗൂഢാലോചന നടന്നെന്ന ഗുരുതരമായ ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിച്ചു.
ഛത്തീസ്ഗഢ് വിഷയത്തിൽ കാണിച്ച തിടുക്കം ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷംചെയ്യുമെന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി സംസ്ഥാന നേതാക്കളും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംഘപരിവാർ സംഘടനകളെ പിണക്കുന്നത് ദോഷമാകുമെന്ന് അവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.