കോട്ടയം: മാങ്ങാനത്ത് വില്ല കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ച ചെയ്തവരുടെ കയ്യിൽ പൂട്ട് പൊളിക്കാൻ പ്രത്യേക ആയുധം ഉണ്ടായിരുന്നതായി പൊലീസ്. സംഘത്തിലെ പ്രധാനിയെ തിരിച്ചറിഞ്ഞു. സംഘത്തെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുന്നു.
രണ്ടു തരം ആയുധങ്ങൾ മോഷ്ടാക്കളുടെ പക്കലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വില്ലകളിൽ വാതിലും കട്ടിളയും ചേരുന്ന ഭാഗത്തേക്കു കമ്പിപ്പാര കടത്തിയാണ് പൂട്ട് പൊളിച്ചതെങ്കിൽ വെൽനെസ് ക്ലിനിക്കിന്റെ ഇരുമ്പ് വാതിലിന്റെ പൂട്ട് പ്രത്യേക ഉപകരണം ഉപയോഗിച്ച് മുറിക്കുകയായിരുന്നു.മാങ്ങാനം സ്കൈലൈൻ പാം മെഡോസിൽ 21–ാം നമ്പർ വില്ലയിൽ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകൾ സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വർണമാണു ശനിയാഴ്ച പുലർച്ചെ കവർന്നത്. സ്കൈലൈൻ പാം മെഡോസ് 21ാം നമ്പർ വില്ല, ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക് എന്നിവിടങ്ങളിലെ മോഷണം കൂടാതെ 4 ഇടങ്ങളിൽ അന്ന് മോഷണശ്രമവും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. കവർച്ച സംഘത്തിൽ 5 പേർ ഉണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചുറ്റിക പോലുള്ളവ കൊണ്ട് അടിയേറ്റ പാട് വില്ലയുടെ വാതിലിൽ കാണാം. ആയുധങ്ങളടങ്ങിയ ഭാരമുള്ള ബാഗ് മോഷ്ടാക്കളിൽ ഒരാളുടെ പക്കലുണ്ടായിരുന്നു. വർക്‌ഷോപ്പിൽ ഉപയോഗിക്കുന്ന തരം ക്രോസ് സ്പാനറും ചെറിയ കത്തികളും ഇവരുടെ പക്കലുണ്ടായിരുന്നു. വില്ലകളിലെ കവർച്ചയ്ക്ക് ശേഷം പുലർച്ചെ 3.03ന് ആണ് സംഘം ക്ലിനിക്കിലെത്തുന്നത്. ക്ലിനിക്കിൽ മോഷണത്തിനു ശേഷം രൂക്ഷമായ ഗന്ധം നിലനിന്നിരുന്നു. പൊലീസ് നായയ്ക്കു ഗന്ധം ലഭിക്കാതിരിക്കാൻ മോഷ്ടാക്കൾ മറ്റെന്തോ മുറിയിൽ സ്പ്രേ ചെയ്തെന്നാണ് കരുതുന്നത്.
മോഷണത്തിനിടെ സ്പെഷൽ ക്ലാസ് !സംഘത്തിലെ ഒരാളാണ് വാതിൽ പൊളിക്കുന്നതിൽ സ്പെഷലിസ്റ്റ്. മറ്റുള്ളവർക്കു തുറക്കാൻ പറ്റാത്ത വാതിലുകൾ കയ്യിലുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇയാൾ അതിവേഗം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഘത്തിലെ ഒരാളെ ഇയാൾ പൂട്ടുപൊളിക്കുന്നതു പഠിപ്പിക്കുന്നതും കാണാം. സംഘത്തിൽ മോഷണം പഠിക്കാനെത്തിയവരുണ്ടെന്നും പൊലീസ് കരുതുന്നു. തെല്ലും ഭയമില്ലാതെയാണ് മോഷ്ടാക്കൾ പാം മെഡോസിലും വെൽനെസ് ക്ലിനിക്കിലും പ്രവേശിച്ചതും മോഷണം നടത്തുന്നതും.
വെൽനെസ് ക്ലിനിക്കിൽ ജൂലൈ 14ന് അജ്ഞാത സംഘമെത്തിയിരുന്നു. റബർ തടി വിൽപന നടത്തുന്നവരെന്നു പറഞ്ഞാണ് ഇവരെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ക്ലിനിക് അധികൃതർ പൊലീസിനെ എത്തിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തടയുകയും ചെയ്തു. പൊലീസ് എത്തുന്നതിനു മുൻപ് ഇവർ സ്ഥലത്തു നിന്നു കടന്നു. ഇവരെത്തിയ വാഹനത്തിന്റെ നമ്പർ വ്യാജമെന്നും കണ്ടെത്തിയതോടെ ക്ലിനിക് അധികൃതർ പരാതി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.