മലപ്പുറം: ഭരണത്തിന്റെ തണലിൽ പോലീസിന്റെ ഒത്താശയോടെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ടി. പി. ഹാരിസിന്റെ സാമ്പത്തിക ഇടപാടിൽ ജില്ലാ പഞ്ചായത്ത് ഓഫീസിനോ ഉദ്യോഗസ്ഥർക്കോ യാതൊരു ബന്ധവുമില്ലെന്ന സെക്രട്ടറിയുടെ ഓഫീസ് തല അന്വേഷണ റിപ്പോർട്ട് മേശപ്പുറത്ത് വെക്കുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക ഭരണ സമിതി യോഗത്തിലാണ് ഇടത് അംഗങ്ങൾ കയ്യാങ്കളിക്ക് മുതിർന്നത്.യോഗ ഹാളിനകത്ത് ഇടത് അംഗങ്ങൾ അഴിഞ്ഞാടുമ്പോൾ തന്നെ ഡി.വൈ. എഫ്. ഐ പ്രവർത്തകർ നിയമവിരുദ്ധമായി ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് അതിക്രമിച്ചു കയറി അഴിഞ്ഞാട്ടം നടത്തിയത് പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു. യോഗ ഹാളിന് മുന്നിൽ നിന്ന് ഡി. വൈ. എഫ്. ഐ പ്രവർത്തകൾ യു. ഡി. എഫ്. മെമ്പർമാർക്ക് നേരെ വധ ഭീഷണി മുഴക്കി.
ജില്ലാ പഞ്ചായത്ത് യോഗത്തിനെത്തിയ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് ഉൾപ്പെടെയുള്ള എഴോളം വനിതാ അംഗങ്ങളെ മീറ്റിംഗ് ഹാളിലേക്ക് കയറാൻ അനുവദിക്കാതെ തടഞ്ഞു വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വനിതാ അംഗങ്ങൾക്കെതിരെ മോശമായ പദപ്രയോഗങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തെറി വിളിക്കുകയും ചെയ്തു.യോഗ നടപടി ക്രമങ്ങൾ തുടങ്ങിയ ഉടൻ തന്നെ ചട്ട പ്രകാരം റിപ്പോർട്ട് വായിക്കാൻ എഴുന്നേറ്റ പ്രസിഡന്റിന് നേരെ ഇടത് അംഗങ്ങൾ തടസ്സ വാദം ഉന്നയിച്ചു. പോലീസിന്റെ എഫ്. ഐ. ആറിൽ രണ്ടാം പ്രതിയായ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് വായിക്കാൻ പാടില്ലെന്ന തികച്ചും ബാലിശമായ ആരോപണമാണ് ഇടത് അംഗങ്ങൾ ഉന്നയിച്ചത്.
എന്നാൽ ഹാരിസിനെ അറസ്റ്റ് ചെയ്ത അന്ന് തന്നെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു പോലീസിൽ നേരിട്ട് ഹാജരായി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയിരുന്നതായും അത് കൊണ്ട് തന്നെ പോലീസ് തുടർ നടപടികൾ നിർത്തി വെച്ചതായും പ്രസിഡന്റും വൈസ് പ്രസിഡന്റും ചൂണ്ടിക്കാട്ടി. കേസിൽ പ്രതിയാണെങ്കിൽ എന്ത് കൊണ്ട് പോലീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് മുന്നിൽ ഇടത് അംഗങ്ങൾ പതറി.
ഇതോടെ ഇടത് മെമ്പർമാരായ ഇ. അഫ്സലും അഡ്വ. ഷെറോണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സെക്രട്ടറി ബിജു എന്നിവർക്കെതിരെ അസഭ്യ വർഷങ്ങളുമായി ആക്രോഷിച്ചു. ഭരണ പക്ഷ മെമ്പർമാർ പ്രതിരോധം തീർത്തത് കൊണ്ട് മാത്രമാണ് ഡയസിൽ ഉണ്ടായിരുന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറി യും കൂടുതൽ അക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് അംഗമെന്ന പദവി ദുരുപയോഗം ചെയ്ത് ഹാരിസ് നടത്തിയ നിയമ വിരുദ്ധമായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഓഫീസ് തലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കാൻ ചട്ട പ്രകാരം സെക്രട്ടറി വിളിച്ചു ചേർത്തതായിരുന്നു ഭരണ സമിതി യോഗം. എന്നാൽ റിപ്പോർട്ട് വായിക്കാൻ ശ്രമിച്ച പ്രസിഡന്റിനെ ഇടതു അംഗം അഫ്സൽ തടയുകയും റിപ്പോർട്ട് പിടിച്ചു വാങ്ങി പിച്ചിച്ചീന്തി എറിയുകയും ചെയ്തു.
റിപ്പോർട്ട് പുറത്തു വരുന്നതോടെ ഹാരിസിനെ മറയാക്കി ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങളുടെ മുനയൊടിയുമെന്ന് ഭയപ്പെട്ടാണ് ഇടത് അംഗങ്ങൾ റിപ്പോർട്ട് അവതരണം തടസ്സപ്പെടുത്തിയത് എന്ന് വ്യക്തമാണ്. ഹാരിസ് നടത്തിയ കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്ന് വ്യക്തമായി പറയുന്ന റിപ്പോർട്ടിന്റെ വായനയാണ് ഇടത് അംഗങ്ങൾ തടസ്സപ്പെടുത്തിയത്. ഇത് ഹാരിസിനെ രക്ഷപ്പെടുത്താനും ഹാരിസിനെ മറയാക്കി ജില്ലാ പഞ്ചായത്ത് ഭരണ സമിതിയെ കരി വാരിത്തേക്കുന്നതിനുമുള്ള ഇടത് ഗൂഢാലോചന യാണെന്ന് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
ഹാരിസ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പോലീസ് കേസെടുത്ത് അറസ്റ്റ് നടപടികൾ സ്വീകരിച്ച അന്ന് തന്നെ ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഇത് സംബന്ധിച്ചു പത്ര സമ്മേളനം നടത്തുകയും ജില്ലാ പഞ്ചായത്തിനോ, മറ്റു മെമ്പർമാർക്കോ, ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ യാതൊരു ബന്ധവുമില്ലെന്ന് അസന്നിഗ്ദമായി അറിയിക്കുകയും, തെറ്റുകാരനായി കണ്ടെത്തിയ ഹാരിസിനെ ഒരു നിലക്കും സംരക്ഷിക്കുകയില്ലെന്നും, പ്രഖ്യാപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വം നടത്തിയ പത്ര സമ്മേളനത്തോടെ വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മാത്രം ലാക്കാക്കി സി.പി.എമ്മുകാർ നടത്തിയ ദുഷ്പ്രചാരണങ്ങൾ പൊളിയുകയും ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ഇതിലുണ്ടായ ജാള്യതയും വെപ്രാളവുമാണ് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി അതിക്രമം നടത്താൻ ഡി. വൈ. എഫ്. ഐ യെ പ്രേരിപ്പിച്ചത്. സാധാരണ മലപ്പുറത്ത് നടക്കുന്ന എല്ലാ മാർച്ചുകളും ധർണ്ണകളും കലക്ടറേറ്റ് കാവടത്തിൽ തടയുന്നതാണ് പോലീസിന്റെ രീതിയും നീതിയും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ യോഗം നടക്കുന്ന ഹാളിലേക്ക് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ ക്കാരെ കലക്ടറേറ്റ് കാവടത്തിലോ ജില്ലാ പഞ്ചായത്ത് കാവടത്തിലോ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ പ്രധാന കവാടത്തിലോ തടയാൻ പോലിസ് തയ്യാറായില്ല എന്നത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയും കൃത്യവിലോപവുമാണ്.
ഇതിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് രേഖാ മൂലം ഔദ്യോഗികമായി പരാതി നൽകിയതായി പ്രസിഡന്റ് എം. കെ. റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും അറിയിച്ചു. ഡി.വൈ.എഫ്.ഐ ഗുണ്ടകളെ നിലക്ക് നിർത്താൻ സി.പി.എം തയ്യാറാവണമെന്നും കണ്ണൂർ മോഡൽ മലപ്പുറത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും യു.ഡി.എഫ് പാർലിയമെന്ററി പാർട്ടി നേതാക്കളായ, അഡ്വ. പി. വി. മനാഫ്, എൻ. എ. കരീം, ഇസ്മായിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, കെ. വൈ. അജ്മൽ എന്നിവർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.