മുംബൈ : ബോളിവുഡ് നടൻ ആമിർ ഖാൻ ഒരു വർഷത്തോളം തന്നെ പൂട്ടിയിട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. മാനസിക രോഗമാണെന്നു പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുൻപായിരുന്നു ഇതെന്നും വിനോദവാർത്താ പോർട്ടലായ പിങ്ക്‌വില്ലെ ഡോട് കോമിനോട് ഫൈസൽ പ്രതികരിച്ചു.
നിർബന്ധപൂർവം മരുന്നുകൾ കഴിപ്പിച്ചുവെന്നും വളരെ ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിതാവിനെ ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്നും അൻപത്തിയൊൻപതുകാരനായ ഫൈസൽ പറയുന്നു.‘‘എനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും ഞാൻ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നുമാണ് അവർ പറയുന്നത്. ഞാൻ മറ്റുള്ളവർക്ക് ഉപദ്രവം വരുത്തുമെന്നാണ് അവർ പറഞ്ഞത്. എന്നെ കുടുക്കുകയായിരുന്നു. ഇതിൽനിന്ന് എങ്ങനെ പുറത്തുകടക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. എന്റെ കുടുംബം എനിക്കെതിരെയായിരുന്നു. ആരെങ്കിലും സഹായിക്കുമെന്നും പിതാവ് എത്തുമെന്നും പ്രതീക്ഷിച്ചു പ്രാർഥിച്ചാണ് കഴിഞ്ഞത്. പിതാവിന്റെ രണ്ടാം വിവാഹം അന്നു കഴിഞ്ഞിരുന്നു. അദ്ദേഹം കുടുംബത്തിലെ ഇത്തരം കാര്യങ്ങളിൽനിന്ന് അകന്നു കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ നമ്പർ പോലും എന്റെ കൈവശം ഉണ്ടായിരുന്നില്ല. എന്റെ ഫോൺ പോലും പിടിച്ചുമാറ്റി. പുറത്തുപോകാൻ അനുവാദമില്ലായിരുന്നു. മുറിക്കുപുറത്ത് ബോഡിഗാർഡുകൾ ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം എന്റെ നിർബന്ധത്തെത്തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റാൻ ആമിർ സമ്മതിച്ചു’’ – ഫൈസൽ പറഞ്ഞു.
സഹോദരന്മാർ ഇരുവരും തമ്മിൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ല. കുടുംബത്തിനെതിരെ ഫൈസൽ കേസ് നൽകിയിട്ടുണ്ടായിരുന്നു. ജെജെ ആശുപത്രിയിൽ 20 ദിവസം മാനസിക പരിശോധനയ്ക്ക് വിധേയനായിരുന്നുവെന്നും കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോർട്ട് എന്നും ഫൈസൽ പറയുന്നു.
തന്റെ പ്രശ്നങ്ങൾ പറയാനായി ബോളിവുഡിലെ വലിയ താരങ്ങളെ സമീപിച്ചെങ്കിലും നടന്നില്ലെന്നും ഫൈസൽ പറയുന്നു. ‘‘യാഷ് രാജ് സ്റ്റുഡിയോസിന്റെ ആദിത്യ ചോപ്രയെ കാണാൻ ശ്രമിച്ചെങ്കിലും അപ്പോയിന്റ്മെന്റ് ഇല്ലാത്തതിനാൽ നടന്നില്ല. ഷാരൂഖ് ഖാനെ കാണാനും സൽമാൻ ഖാന്റെ ഇടപെടലിനും ശ്രമിച്ചു. സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ സെക്രട്ടറിമാരാണ് തടഞ്ഞത്. സഹോദരനെതിരെ ഇനി മുന്നോട്ടുപോകാനില്ല. അദ്ദേഹത്തോട് ക്ഷമിക്കാൻ തയാറാണ്’’ – ഫൈസൽ വ്യക്തമാക്കി. ആമിറിന്റെ മകൾ ഇറ ഖാന്റെ വിവാഹത്തിന് ഫൈസൽ പങ്കെടുത്തിരുന്നു.
1988ൽ ‘ഖയാമത് സെ ഖയാമത് തക്’ എന്ന സിനിമയിൽ വില്ലൻ ആയാണ് ഫൈസലിന്റെ തുടക്കം. 1990ൽ പുറത്തിറങ്ങിയ പിതാവിന്റെ സിനിമയായ ‘തും മേരെ ഹോ’യിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു. മാദോഷ് (1994), ചിനാർ ദാസ്താനെ ഇഷ്ക് (2015) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2021ൽ ആദ്യമായി സംവിധായകനായി. 2022ൽ കന്നഡയിലും അരങ്ങേറി. മേള എന്ന സിനിമയിൽ സഹോദരന്മാർ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.