കോട്ടയം: നഗരത്തില്‍ കോളേജ് വിദ്യാര്‍ഥി നാലുകിലോമീറ്ററോളം കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങള്‍. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്നീട് മരത്തിലിടിച്ചുനിന്നു. പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ കാണുന്നത് അര്‍ധബോധാവസ്ഥയില്‍ കാറിനുള്ളില്‍ കിടക്കുന്ന വിദ്യാര്‍ഥിയെ.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിനും വിദ്യാര്‍ഥി ഇരയായി. വിദ്യാര്‍ഥി അബോധാവസ്ഥയില്‍ വഴിയില്‍കിടക്കുന്ന ചിത്രങ്ങളും സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
കോട്ടയത്തെ കോളേജ് വിദ്യാര്‍ഥിയായ ജൂബിന്‍ ജേക്കബ് ആണ് കാറോടിച്ചതെന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാര്‍ റേസിങ്ങിന് തുടക്കം. കോട്ടയം സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുന്‍പില്‍പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു. വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാര്‍ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്ന്നു. പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി. നാട്ടുകാര്‍ ഡ്രൈവറെ പുറത്തിറക്കിയപ്പോഴാണ് വിദ്യാര്‍ഥിയാണെന്നും അര്‍ധബോധാവസ്ഥയിലാണെന്നും കണ്ടെത്തിയത്. വിദ്യാര്‍ഥി ലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് പോലീസും സ്ഥലത്തെത്തി. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിദ്യാര്‍ഥിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്യുവിന്റെ മുന്‍ പ്രവര്‍ത്തകനാണ് ജുബിന്‍. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന് ജുബിനെ 2024-ല്‍ കെഎസ്യുവിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.