ബെംഗളൂരു: ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലെത്തിയ ജർമൻ സാമൂഹികമാധ്യമ ഇൻഫ്ളുവൻസർ യൂനസ് സറോയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അദ്ദേഹം എത്തിയ വിവരമറിഞ്ഞ് അനിയന്ത്രിതമായി ജനക്കൂട്ടം ചർച്ച് സ്ട്രീറ്റിൽ തടിച്ചുകൂടിയതോടെയായിരുന്നു പോലീസിന്റെ ഇടപെടൽ. ബുധനാഴ്ച വൈകീട്ടാണ് സംഭവം. 20.7 ദശലക്ഷം ആളുകൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഇൻഫ്ളുവൻസറാണ് യൂനസ് സറോ.
ചർച്ച് സ്ട്രീറ്റിലേക്ക് വരുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ സന്ദേശമിട്ടശേഷമായിരുന്നു യൂനസ് സറോയുടെ വരവ്. ഇതോടെയാണ് ആരാധകർ അദ്ദേഹത്തെ കാണാൻ കൂട്ടമായി എത്തിയത്. ഇടുങ്ങിയ സ്ഥലമായ ചർച്ച് സ്ട്രീറ്റിൽ അപകടകരമായനിലയിൽ വലിയ ജനക്കൂട്ടം രൂപപ്പെട്ടു. വിവരമറിഞ്ഞ് കബൺപാർക്ക് പോലീസ് സ്ഥലത്തെത്തി യൂനസ് സറോയെ ബലമായി കസ്റ്റഡയിലെടുത്ത് നീക്കുകയായിരുന്നു.
പോലീസിന്റെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ അദ്ദേഹത്തെ കുറച്ചുസമയത്തിനുശേഷം വിട്ടയച്ചു. താൻ സുഖമായിരിക്കുന്നുവെന്ന് പിന്നീട് യൂനസ് സറോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വലിയ ആൾക്കൂട്ടമുണ്ടായതായും അതിൽനിന്ന് സംരക്ഷിക്കാൻ പോലീസ് തന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംരക്ഷിക്കാൻ തയ്യാറായ പോലീസിന് നന്ദിപറയുന്നതായും യൂനസ് കുറിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ആൾക്കൂട്ടത്തിലെ തിക്കിലും തിരക്കിലും ഒൻപത് ക്രിക്കറ്റ് ആരാധകർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസ് കൃത്യസമയത്ത് നടപടിയെടുത്തതെന്നാണ് സൂചന. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ പോലീസിന് വലിയ പഴികേട്ടിരുന്നു. സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ സസ്‌പെൻഷന് വിധേയരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.