നോയിഡ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് തീകൊളുത്തി കൊന്നു.
നിക്കി (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷർട്ട് ധരിക്കാതെ നിൽക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.
മറ്റൊരു വിഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. തുടർന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകൻ പറഞ്ഞു.
2016ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായി നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറഞ്ഞു.
വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും അവർ ആരോപിച്ചു. ‘എന്നെ വ്യാഴാഴ്ച പുലർച്ചെ ഒന്നരമുതൽ നാലു മണി വരെ ഉപദ്രവിച്ചു. ഒരാളുടെ സ്ത്രീധനം കിട്ടി. രണ്ടാമത്തെ ആളിന്റേത് എവിടെ എന്നു ചോദിച്ചായിരുന്നു പീഡനം. നീ മരിക്കുന്നതാണ് ഭേദമെന്നും വീണ്ടും വിവാഹം ചെയ്യുമെന്നും എന്റെ ഭർത്താവ് പറഞ്ഞു. ഇതേ ദിവസമാണ് എന്റെ സഹോദരിയെ എന്റെയും കുട്ടികളുടെയും കൺമുന്നിൽവച്ച് ക്രൂരമായി മർദിച്ചത്. അവളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോ അവളെ ആശുപത്രിയിലെത്തിച്ചു. ആരാണെന്നറിയില്ല. എന്റെ ബോധം പോയിരുന്നു. ഞങ്ങൾക്ക് നീതി വേണം.’’– കാഞ്ചൻ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപിൻ, ഇയാളുടെ മാതാപിതാക്കളായ ദയ, സത്‌വീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരെയാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.