ആലപ്പുഴ: വസ്തു തർക്കത്തിന്റെ പേരിൽ ബന്ധുവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവ അഭിഭാഷകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി വരാകാടിവെളി കോളനിയിൽ മഹേഷ് (40)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് രണ്ടാം കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
2020 സെപ്തംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ വരകാടിവെളി കോളനിയിൽ സുദർശനനെ (65) വസ്തു തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തുകയായിരുന്നു. സുദർശനന്റെ മകൻ സുമേഷ് വരകാടിവെളി കോളനിയിലെ എ.എസ് കാനൽ പുറമ്പോക്കിലാണ് താമസിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് വീട് നശിച്ചപ്പോൾ സുമേഷും കുടുംബവും അച്ഛൻ സുദർശനനൊപ്പം സുദർശനന്റെ വീട്ടിൽ താമസം തുടങ്ങി. സംഭവദിവസം രാവിലെ സുമേഷിന്റെ കൈവശമുളള ഭൂമിയിൽ പ്രതിയായ മഹേഷ് ഷെഡ് കെട്ടുന്നതറിഞ്ഞ് സുദർശനനും മകൻ സുമേഷും മകൾ സുസ്മിതയും മരുമകൾ സുവർണ്ണയും എത്തി. തർക്കത്തെ തുടർന്ന് മഹേഷ് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ സുദർശനൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ആക്രമണത്തിൽ സുമേഷിന്റെ ഇടതു കൈയ്യുടെ അസ്ഥി ഒടിഞ്ഞു തൂങ്ങി. സുവർണ്ണയ്ക്കും സുസ്മിതയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സുവർണ്ണയുടെ 14 വയസ്സുളള മകൾ ഓടി രക്ഷപെട്ടു.
2023 ൽ കൊല്ലപ്പെട്ട ബിജു എന്നയാളാണ് കൊല നടത്തിയതെന്ന മഹേഷിന്റെ വാദം കോടതി തളളി. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സുദർശനന്റെ മക്കളെ ആക്രമിച്ചതിന് അഞ്ചുവർഷ തടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്. ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വിധി ഉളളതിനാൽ ശിക്ഷ ജീവപര്യന്തമാകും. കേസ് വിചാരണയിൽ ഇരിക്കവേയാണ് മഹേഷ് നിയമ ബിരുദം നേടിയത്. കോഴിക്കോട് നിയമ പഠനം നടത്തുമ്പോൾ മറ്റൊരു കൊലപാത ശ്രമ കേസിലും പ്രതിയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.