ന്യൂഡൽഹി : പഹൽഗാമിൽ നിരപരാധികളെ കൊന്നവരെ സൈന്യം വധിച്ചെന്ന് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്ലപ്പെട്ട ഭീകരർ നിരീക്ഷണത്തിൽ ആയിരുന്നു. മേയ് 22ന് ഭീകരരെ കുറിച്ച് സൂചന ലഭിച്ചു. സുരക്ഷാസേനകളെ അഭിനന്ദിക്കുകയാണ്. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിവരെയാണ് വധിച്ചത്.
പാക്കിസ്ഥാനിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവർ പല ഗ്രാമങ്ങളിലും അഭയം തേടി. ഭീകരരെ സഹായിച്ചവർ നേരത്തേ എൻഐഎയുടെ പിടിയിലായിരുന്നു. ഇവർ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഭീകരരുടെ കൈയ്യിൽ നിന്നും പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത്. ഫൊറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. ഭീകരരെ വധിച്ചപ്പോൾ എല്ലാവരും സന്തോഷിക്കുമെന്ന് കരുതി. പക്ഷേ പ്രതിപക്ഷത്തിനു ദുഃഖമാണെന്നും അമിത് ഷാ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
ഭീകരരുടെ മതം നോക്കി ദുഃഖിക്കരുതെന്ന് പ്രതിപക്ഷത്തോട് അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീർ ഇന്ത്യയുടേതാണ്. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഭീകരരെ വിടരുതെന്ന് സൈന്യത്തോട് പറഞ്ഞിരുന്നു. അത് സൈന്യം കൃത്യമായി പാലിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. താങ്കൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കുമെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചകൾ തിങ്കളാഴ്ച ഉച്ചയോടെയാണ് ലോക്സഭയിൽ ആരംഭിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം അതിർത്തി കടക്കുകയോ പിടിച്ചെടുക്കുകയോ ആയിരുന്നില്ല, പാക്കിസ്ഥാൻ വർഷങ്ങളായി വളർത്തിയ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കുക, പഹൽഗാമിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.