ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളില്‍ അവശിഷ്ടങ്ങള്‍ തേടി കുഴിച്ചു തുടങ്ങി. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കുഴിയെടുക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ പോലീസ് വാഹനത്തില്‍ നേത്രാവതി നദിക്കരയില്‍ എത്തിച്ചിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആന്റി-നക്സല്‍ ഫോഴ്സ് (എഎന്‍എഫ്) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘം കുഴിയെടുക്കാന്‍ ഉപകരണങ്ങളുമായി സ്ഥലത്തുണ്ട്. പഞ്ചായത്തില്‍ നിന്ന് കുഴിയെടുക്കാനുള്ള ആളുകളെ എത്തിക്കാന്‍ എസ്ഐടി നിര്‍ദേശിച്ചിരുന്നു.
ധര്‍മസ്ഥലയില്‍ മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. എല്ലാ സ്പോട്ടുകളിലും എസ്ഐടി ഉദ്യോഗസ്ഥര്‍ ജിയോടാഗിങ് നടത്തിയിട്ടുണ്ട്.
മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായി.
ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പോലീസ് സ്റ്റേഷനിലെത്തി മൃതദേഹങ്ങള്‍ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയതായുമാണ് ഇയാള്‍ വക്കീല്‍ വഴി നല്കിയ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ നാട് വിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നത് എന്നുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് പോലീസിന് ശുചീകരണ തൊഴിലാളി നല്കിയ മൊഴി. പല കൊലപാതകങ്ങളും നേരിട്ട് കണ്ടുവെന്നും, മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.