ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ 5 ദിവസമായി ജയിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നൽകുന്ന അവകാശമാണു യുവതികൾ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ തന്നെ, തങ്ങൾക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫിസ് ജോലികൾക്കായി 2 പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റങ്ദൾ പ്രവർത്തകരും ചോദ്യം ചെയ്തത്. പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു.
പിന്നീട് അറസ്റ്റു രേഖപ്പെടുത്തി. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസിയുടെ േനതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.