മുംബൈ ; ഓൺലൈൻ ഗെയിം കളിക്കാൻ പണം നൽകാത്തതിന്റെ പേരിൽ വളർത്തമ്മയെ കൊലപ്പെടുത്തിയ 32 വയസ്സുകാരനെയും തെളിവു നശിപ്പിക്കാനടക്കം കൂട്ടുനിന്ന പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വസായ് വെസ്റ്റിലെ ഭബോള സ്വദേശിയായ അർഷിയ ഖുസ്റുവാണ് (61) കൊല്ലപ്പെട്ടത്. വസായ് ഈസ്റ്റിലെ ഗോഗിവാരയിൽ ആദ്യ ഭാര്യയോടൊപ്പം താമസിക്കുന്ന ആമിർ ഖുസ്റുവും (64) മകൻ ഇംറാൻ ഖുസ്റുവുമാണ് അറസ്റ്റിലായത്. ആമിറിന്റെ സ്വാധീനം ഉപയോഗിച്ച് വ്യാജ മരണസർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പ്രതികൾ ചേർന്ന് സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ആമിറും കൊല്ലപ്പെട്ട അർഷിയ ഖുസ്റുവും ചേർന്ന് ട്രാവൽ ഏജൻസി നടത്തുകയായിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ മകൻ ഇംറാൻ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗെയിം കളിക്കാനായി 1.8 ലക്ഷം രൂപ ആവശ്യപ്പെട്ട് വളർത്തുമാതാവിനെ സമീപിച്ചത്. പണം നൽകാൻ വിസമ്മതിച്ചതോടെ വീട്ടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ചു.
ചുമരിൽ തലയിടിച്ച് രക്തം വാർന്നാണ് മരിച്ചത്. ഇതിനുശേഷം അർഷിയയുടെ സ്വർണം കവരുകയും ചെയ്തു. കൊലപാതക വിവരം പിതാവുമായി പങ്കുവച്ചു. ഇരുവരും ചേർന്ന് പരിചയക്കാരനായ ഡോക്ടറുടെ അടുക്കൽനിന്ന് സാധാരണ മരണമാണെന്ന തരത്തിൽ വ്യാജമരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്കാര ചടങ്ങുകൾ പെട്ടെന്ന് നടത്തുകയായിരുന്നു.
മുറിയിലെ രക്തക്കറയും മറ്റും ഇരുവരും ചേർന്ന് വൃത്തിയാക്കിയെങ്കിലും തിരക്കിനിടയിൽ ചില സ്ഥലങ്ങൾ വിട്ടുപോയതാണ് വിനയായത്. തറയിലെ രക്തക്കറ കണ്ട് സംശയം തോന്നിയ വീട്ടുജോലിക്കാരിയാണു പൊലീസിനെ വിവരം അറിയിച്ചത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. വ്യാജ മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.