കൊച്ചി ;രാജ്യാന്തര ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത എഡിസൺ ബാബു, അരുൺ തോമസ്, കെ.വി.ഡിയോള്‍ എന്നിവർ സഹപാഠികൾ.
മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഒരേ സമയം പഠിച്ചിറങ്ങിയവരാണ് മൂന്നു പേരും. മാത്രമല്ല, ലഹരി വിൽപനയിൽ കാര്യമായ പങ്കില്ലെങ്കിലും രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്യുന്ന മറ്റു ചില സഹപാഠികളും എൻസിബിയുടെ അന്വേഷണ പരിധിയിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്നും തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി.രണ്ടു കേസുകളായിട്ടാണ് എൻസിബി കേസുകള്‍ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്ന എഡിസൺ, അരുൺ എന്നിവർ ഒരു കേസിലും കെ.വി.ഡിയോൾ , ഭാര്യ അഞ്ജു ഡേവിസ് എന്നിവർ പ്രതികളായി മറ്റൊരു കേസുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിയോളിനൊപ്പം ചേർന്ന് ഓസ്ട്രേലിയയിലേക്ക് കെറ്റമിൻ അയയ്ക്കുന്നതിൽ എഡിസനും പങ്കു ചേർന്നിരുന്നു.
ഇതാകട്ടെ, ഡാർക്ക് വെബിന്റെ സഹായമില്ലാതെയാണ് ചെയ്തിരുന്നത്. എന്നാൽ ഡിയോള്‍, അഞ്ജു എന്നിവരിൽ നിന്ന് തന്റെ ‘കെറ്റാമെലോൺ’ ഇടപാട് എഡിസൻ മറച്ചുവച്ചു എന്നാണ് കരുതുന്നതെന്ന് എൻസിബി വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും.
2023ൽ കൊച്ചി ഫോറിൻ ഓഫിസിൽ പിടിച്ചെടുത്ത കെറ്റമിനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്കും ഭാര്യയിലേക്കും എൻസിബി സംഘത്തെ എത്തിച്ചത്. യാദൃച്ഛികമാണ് രണ്ടു കേസും ഒരുമിച്ചു വന്നതെങ്കിലും എഡിസനിലേക്ക് നീണ്ട അന്വേഷണം ഡിയോളിനെ കണ്ടെത്തുന്നതിൽ സഹായിച്ചുവെന്ന് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി. ജൂണ്‍ 30നാണ് എഡിസണെ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്ന് എൻസിബി അറസ്റ്റ് ചെയ്യുന്നതും പിറ്റേന്ന് കോടതിയിൽ ഹാജരാക്കുന്നതും.
ഡിജിറ്റൽ തെളിവുകള്‍ അടക്കമുള്ള കാര്യങ്ങളാണ് കസ്റ്റഡി അപേക്ഷയ്ക്കായി സമർപ്പിച്ചിട്ടുള്ളത്. കോടതി ഇതു പരിശോധിക്കുന്നതായാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും തിങ്കളാഴ്ച തന്നെ ഇവരെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എൻസിബി വൃത്തങ്ങൾ പറഞ്ഞു. 2023ൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ‘സംബാദ’ കാർട്ടലിനെ പൂട്ടിയതോടു കൂടി അവിടെ വന്ന ശൂന്യത മനസിലാക്കി എഡിസൻ സ്വയം ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങൾ പറയുന്നത്.
ഡൽഹി കേന്ദ്രമാക്കിയുള്ള ആളെയും ജയ്പുർ കേന്ദ്രീകരിച്ചുള്ള ആളെയും അറസ്റ്റ് ചെയ്തതോടെ ഇക്കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമൻ ഈ മേഖലയിൽ നിന്ന് പിന്മാറി. ഇതോടെയാണ് എഡിസൻ സാധ്യതകൾ മനസിലാക്കിയതും ലഹരി ഇടപാടിൽ കെറ്റാമെലാൺ എന്ന ബ്രാൻഡ് സൃഷ്ടിക്കുന്നതും. ഇത് പൂർണമായി ഡാർക്ക്നെറ്റ് കേന്ദ്രീകൃതമായിരുന്നു. ഓർഡർ ചെയ്യുന്ന സാധനങ്ങൾ കൃത്യമായി കൃത്യ സമയത്ത് എത്തിച്ചു എന്നു മാത്രമല്ല, ഏതെങ്കിലും പാഴ്സലുകൾ നഷ്ടപ്പെട്ടാൽ അതിന് നഷ്ടപരിഹാരം കൊടുക്കുന്നത്ര കാര്യങ്ങൾ ചെയ്താണ് എഡിസൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടിൽ തന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചത്.
എഡിസനൊപ്പം അറസ്റ്റിലായ അരുൺ തോമസിനു ലഹരി ഇടപാടിലുള്ള പങ്കാളിത്തം സംബന്ധിച്ചും എൻസിബി കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്. നിലവിൽ ലഹരി വിൽപനയ്ക്കുള്ള കെപറിയർ സർവീസിൽ പങ്കുവഹിച്ചു എന്നതാണ് അരുണിനെതിരായി എൻസിബി കണ്ടെത്തിയിട്ടുള്ള വിവരങ്ങൾ. രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന എഡിസൻ നാട്ടിലേക്ക് പോരുന്നതിന് മുൻപ് ബെംഗളുരുവിലാണ് ഒടുവിലായി ജോലി ചെയ്തത്. ഇതിനു ശേഷമായിരുന്നു ആലുവയിൽ റസ്റ്ററന്റ് തുടങ്ങിയതും കോവിഡ് സമയത്ത് ഇതു പൂട്ടിയതും. പിന്നാലെ വീട് കേന്ദ്രീകരിച്ച് എൽഎസ്ഡി, കെറ്റമിൻ വിൽപനയിലേക്ക് തിരിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.