ചെന്നൈ: ദക്ഷിണ റെയിൽവേയിൽ ഇനി സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല തീവണ്ടികളുടെ പ്രവർത്തനനിയന്ത്രണവും സുരക്ഷയുംമാത്രം. കടന്നുപോകുന്ന വണ്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനുകളിലേക്ക് കൈമാറുക, സിഗ്നലിങ് സംവിധാനത്തിലെ കൃത്യത ഉറപ്പുവരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾമാത്രമേ വണ്ടികളുടെ പ്രവർത്തനനിയന്ത്രണവും സുരക്ഷയുമായി ബന്ധപ്പെട്ട് അവർ നിർഹിക്കേണ്ടതുള്ളൂ.
ദക്ഷിണറെയിൽവേ ഓപ്പറേഷൻ വിഭാഗവും കമേഴ്‌സ്യൽ വിഭാഗവും നടത്തിയ ചർച്ചയിലാണ് തീരുമാനം.ഇപ്പോൾ കമേഴ്‌സ്യൽ സെക്‌ഷനുമായി ബന്ധപ്പെട്ട ടിക്കറ്റുകളുടെ വിൽപ്പന, വണ്ടികളുടെ യാത്രാവിവരങ്ങൾ അനൗൺസ് ചെയ്യൽ, യാത്രക്കാരിൽനിന്ന് യാത്രയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ചോദിച്ചറിയൽ, കോച്ചുകൾ തിരിച്ചറിയാനുള്ള സംവിധാനം നിരീക്ഷിക്കൽ എന്നീ ജോലികൾ ഏകോപിപ്പിക്കണം. സ്റ്റേഷനിലെ ശുചീകരണജോലിക്കാർക്കും നിർദേശങ്ങൾ നൽകണം. ഈ ജോലികളിൽനിന്ന് സെപ്റ്റംബർ ഒന്നുമുതൽ സ്റ്റേഷൻ മാസ്റ്റർമാരെ ഒഴിവാക്കും. പകരം ജീവനക്കാരെ നിയോഗിക്കും.
കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടി വരുമ്പോൾ സുരക്ഷാ വീഴ്ചകളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ തീരുമാനം.ഇതുസംബന്ധിച്ച് സ്റ്റേഷൻ മാസ്റ്റർമാരുടെ അഭിപ്രായം ചോദിച്ചിരുന്നു. കൂടുതൽ വണ്ടികൾ കടന്നുപോകുന്ന സ്റ്റേഷനുകളിൽ സ്റ്റേഷൻമാസ്റ്റർമാർക്ക് തീവണ്ടികളുടെ സർവീസുകളുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വങ്ങളുണ്ട്.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ദക്ഷിണ റെയിൽവേയിൽ വണ്ടികൾ അപകടത്തിൽപ്പെടുന്നത് കൂടുതലായിരുന്നു. സ്റ്റേഷൻ മാസ്റ്റർമാർ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കാത്തതാണ് അപകടത്തിന് കാരണമെന്നും ആരോപണമുണ്ടായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.